ഒമാനിലെ പ്രമുഖ വിനോദസഞ്ചാരകേന്ദ്രമായ അൽ ഹൂത്ത ഗുഹയിലെ ഇലക്ട്രിക് ട്രെയിൻ സംവിധാനം പുനരാരംഭിക്കുന്നതിന് ചർച്ച നടക്കുകയാണെന്ന് ഒമ്രാൻ ഗ്രൂപ്പിന്റെ കീഴിലുള്ള ഹൂത്ത കേവ് കമ്പനി അറിയിച്ചു. ട്രെയിനിന്റെ പ്രവർത്തനം ദീർഘകാലമായി നിർത്തിവച്ചിരിക്കുകയായിരുന്നു. റെയിൽ‌വേ പദ്ധതിയിലെ തകരാർ പരിഹരിച്ചുകൊണ്ട് സേവനം പുനഃസ്ഥാപിക്കാൻ ചർച്ചകൾ തുടരുകയാണെന്ന് കമ്പനിയിലെ പ്രോജക്ട് ഡയറക്ടർ ഇബ്രാഹിം ബിൻ സെയ്ദ് അൽ വഹൈബി പറഞ്ഞു.

ട്രെയിൻ താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെങ്കിലും ഗുഹ സന്ദർശകർക്കായി തുറന്നുപ്രവർത്തിക്കുന്നുണ്ട്. പദ്ധതിപ്രദേശം സന്ദർശിച്ച് ഇറാനിയൻ കമ്പനി സാങ്കേതിക, സാമ്പത്തിക വിലയിരുത്തൽ നടത്തിയിരുന്നു. ഇവരുടെ നിർദേശമാണ് പ്രധാനമായും കാത്തിരിക്കുന്നത്. സന്ദർശക കേന്ദ്രത്തിൽനിന്ന് മനുഷ്യനിർമിത തുരങ്കത്തിലേക്ക് ട്രെയിൻ സഞ്ചരിക്കുന്ന ദൂരം 500 മുതൽ 550 മീറ്റർ വരെയാണ്. കോവിഡ് കാലത്തെ യാത്രാവിലക്ക്, ലോക്ക്ഡൗൺ, മറ്റ് പ്രതിരോധ നടപടികൾ എന്നിവയുൾപ്പെടെ കാരണങ്ങളാലാണ് തകരാർ പരിഹരിക്കുന്നതിന് കാലതാമസമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. സന്ദർശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന കമ്പനിയെയാണ് സേവനത്തിന് ഉപയോഗപ്പെടുത്തുകയെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *