ഒമാനിൽ 3G സേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായുള്ള പരിശോധന ആരംഭിച്ചു. ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളി ലാവും ആദ്യം 3G സേവനങ്ങൾ നിർത്തലാക്കുക. 2024ന്റെ മൂന്നാം പാദത്തോടെ ഒമാനിലെ എല്ലാ 3G സേവനങ്ങളും നിർത്തലാക്കുന്നതിന് തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നോടിയായാണ് നിർത്തലാക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ തിരിച്ചറിയാനായി ഒമാൻ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേഷൻസ് അതോറിറ്റി പരീക്ഷണത്തിന് ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി 4G നെറ്റ്വർക്ക് സേവനമെങ്കിലും ലഭ്യമല്ലാത്ത എല്ലാവിധ ഉപകരണങ്ങളുടെ അംഗീകാരവും ഇറക്കുമതിയും അവസാനിപ്പിക്കുകയും ചെയ്യും. ഒമാനിൽ ഇന്റർനെറ്റിന്റെ വേഗത വർധിപ്പിക്കുന്നതിന്റെ ഭാഗമായി അധികൃതർ 5G സ്റ്റേഷനുകളുടെ എണ്ണം 2,600ആയി വർധിപ്പിച്ചിട്ടുണ്ട്. 3G ഘട്ടംഘട്ടമായി നിർത്തലാക്കുന്നതിനുള്ള സമയക്രമം വിവിധ സ്പെക്ട്രം ഘടകങ്ങളെയും 2G/3G നെറ്റ്വർക്കുകളിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണത്തെയും ആശ്രയിച്ചാണ് തീരുമാനിക്കുക.