രാജ്യത്തെ ആദ്യത്തെ ദേശീയഓൺലൈൻ ഒ.പി.യാണ് വ്യക്തിസൗഹൃദ ടെലിമെഡിസിൻ വീഡിയോ കോൺഫറൻസ് സംവിധാനമായ ഇ-സഞ്ജീവനി. നാഷണൽ ഹെൽത്ത് മിഷന് കീഴിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്.

കോവിഡ് 19 വ്യാപനത്തെത്തുടർന്ന് ആശുപത്രി സന്ദർശനം പരമാവധി ഒഴിവാക്കി ജനങ്ങൾക്ക് മികച്ച വൈദ്യസഹായം ലക്ഷ്യമിട്ടാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന് തുടക്കമിട്ടത്. കൂടുതൽ ആളുകൾ ചികിത്സയ്ക്കായി ആശുപത്രികളിലെത്തുന്നത് കോവിഡ് വ്യാപനത്തിന് വഴിയൊരുക്കുമെന്നതിനാൽ അത് തടയുക എന്നതും ഇ-സഞ്ജീവനിയുടെ ലക്ഷ്യമാണ്.

ഇ-സഞ്ജീവനി ആപ്പിന്റെ പ്രവര്‍ത്തനമെങ്ങനെയെന്ന് അറിയാന്‍ വീഡിയോ കാണാം

ക്വാറന്റീനിൽ കഴിയുന്ന രോഗികൾക്കും ഈ സംവിധാനം ഉപയോഗപ്പെടുത്താം. ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നവർ എന്നിവർക്കുള്ള ചികിത്സകൾ ആശുപത്രിയിൽ പോകാതെ തന്നെ ഇതുവഴി ഉറപ്പുവരുത്താം.

ഡോക്ടർമാർക്ക് വ്യക്തികളെ പരിശോധിക്കാനുള്ള ഏറ്റവും നൂതനവും ഫലപ്രദവുമായ മാർഗമാണിത്. കൺസൾട്ടേഷന് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിൽ എത്തുന്നവരുടെ മുൻ ചികിത്സാരേഖകൾ പരിശോധിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

2020 ജൂൺ ഒമ്പതിന് സംസ്ഥാനത്ത് തുടക്കമിട്ട സംവിധാനം സ്മാർട്ട് ഫോണോ കംപ്യൂട്ടറോ ലാപ്ടോപ്പോ കൂടെ ഇന്റർനെറ്റ് കണക്ഷനും ഉപയോഗിച്ചാണ് പ്രയോജനപ്പെടുത്തേണ്ടത്. വീഡിയോ കോൺഫറൻസ് വഴി നേരിട്ട് ഡോക്ടറോട് സംസാരിക്കാം. തുടർന്ന് മരുന്ന് കുറിപ്പടി ഡൗൺലോഡ് ചെയ്യാം. ഡോക്ടറെ കാണാൻ എന്തെങ്കിലും സംശയമോ ബുദ്ധിമുട്ടുകളോ ഉണ്ടെങ്കിൽ ദിശ 1056 / 04712552056നമ്പറിൽ ബന്ധപ്പെടാം. മികച്ച പ്രതികരണമാണ് ഇതുവഴി ലഭിച്ചത്. തുടർന്ന് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിന്റെ സാധ്യതകൾ വിപുലപ്പെടുത്തുകയായിരുന്നു.

വയോധികർക്കും കോവിഡിനെ തുടർന്ന് ക്വാറന്റീനിൽ കഴിയുന്ന ഡോക്ടർമാർക്ക് സ്വന്തം വീട്ടിലിരുന്നുകൊണ്ട് തന്നെ ടെലി മെഡിസിൻ കൺസൾട്ടേഷന്റെ ഭാഗമായി പ്രവർത്തിക്കാം. അല്ലെങ്കിൽ ഇ-സഞ്ജീവിനിയുടെ ജില്ലാ ഓഫീസിൽ ആവശ്യമായ സൗകര്യങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്ന് കോഴിക്കോട് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ പറഞ്ഞു. ഒരോ ഡോക്ടർമാർക്കും ഇ-സഞ്ജീവനി ലോഗിൻ വഴി പ്ലാറ്റ്ഫോമിന്റെ ഭാഗമാകാം. ഇതുവഴി ഇതുവഴി എത്രസമയം ചെലവഴിച്ചു, എത്ര കൺസൾട്ടേഷൻ നടത്തി തുടങ്ങിയ മുഴുവൻ വിവരങ്ങളും ലഭിക്കും.

കോഴിക്കോട് സിവിൽസ്റ്റേഷനിൽ ജില്ലാ മെഡിക്കൽ ഓഫീസിനും ആരോഗ്യകേരളം ജില്ലാ ആസ്ഥാനത്തോടും ചേർന്നാണ് ഇ-സഞ്ജീവനി കോൾ സെന്റർ. ഇവിടെ വെച്ചാണ് ഡോക്ടർമാർ രോഗികളുമായി സംസാരിക്കുക. സ്വന്തം വീടുകളിൽ വെച്ചും ഡോക്ടർമാർക്ക് സേവനങ്ങൾ നൽകാം. ഓരോരുത്തർക്കും പ്രത്യേക ലോഗിൻ നൽകും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എ. നവീൻ എന്നിവരാണ് നേതൃത്വം വഹിക്കുന്നത്. സെന്ററിന്റെ ഏകോപനച്ചുമതല അർബൻ ഹെൽത്ത് കോഓർഡിനേറ്റർ എസ്. സത്യജിത്തിനാണ്

സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സമയക്രമം

 

ജനറൽ മെഡിസിൻ: ചൊവ്വ, വ്യാഴം, ശനി രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന്വരെ

ശിശുരോഗം: തിങ്കൾ മുതൽ ശനി വരെ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന്വരെ

ഗൈനക്കോളജി: വെള്ളി ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് നാലുവരെ

ചർമരോഗം: തിങ്കൾ, ചൊവ്വ, വ്യാഴം രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ

മാനസികരോഗം: ചൊവ്വ, വ്യാഴം ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് നാലുവരെ

ഹൃദ്രോഗവിഭാഗം: എല്ലാ വെള്ളിയാഴ്ചയും രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക്ഒന്നുവരെ ജനറൽ ഒ.പി.: എല്ലാദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ

 

Leave a Reply

Your email address will not be published. Required fields are marked *