റമദാനിലെ പാരമ്പര്യ ആഘോഷമായ ഖറന്‍ഖശു ഇന്ന് രാത്രി നടക്കും. റമദാനിന്‍റെ പതിനഞ്ചാം രാവിലാണ് അറബ് ബാല്യ കൗമാരങ്ങളുടെ ആഘോഷമായ ഖറന്‍ഖശു കൊട്ടിപ്പാടി കൊണ്ടാടാറുള്ളത്.
അറബ് ബാല്യകൗമാരങ്ങളുടെ പാരമ്പര്യത്തിന്‍റെ ഓര്‍മ്മപ്പെടുത്തലിന്‍റെ ഭാഗമാണീ ആഘോഷം. ഏതാണ്ടെല്ലാ അറബ് രാജ്യങ്ങളിലും ഏറ്റക്കുറച്ചിലുകളോടെ പണ്ട് കാലം തൊട്ടെ ഈ ആചാരങ്ങള്‍ ഉള്ളതായി പഴമക്കാര്‍ പറയുന്നു. പ്രധാനമായും ഈ ആഘോഷ ദിനം കുട്ടികള്‍ക്കുള്ളതാണ്.
ഒമാനിന്‍റെ വിവിധ ഭാഗങ്ങളില്‍ ഖറന്‍ഖശു സാമന്യം നല്ല രീതിയിൽ തന്നെ കൊണ്ടാടപ്പെടുന്നുണ്ട്. അതിന്‍റെ ഭാഗമായി കുട്ടികളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള വിവിധ ഇനം ഉല്‍പ്പന്നങ്ങള്‍ റമാദാന്‍റെ തുടക്കം മുതലെ വിപണിയിൽ സുലഭമാണ്.
വീടുകള്‍ തോറും കയറിയിറങ്ങി മധുരവും സമ്മാനങ്ങളും സ്വീകരിച്ച് കുട്ടികളുടെ സംഘങ്ങളുടെ സംഘം നീങ്ങുന്ന കാഴ്ചകള്‍ മനോഹരമാണ്. റസിഡന്‍ഷ്യല്‍ മേഖലകളില്‍ സാംസ്കാരിക വകുപ്പിന്‍റെ കീഴില്‍ തന്നെ കുട്ടികള്‍ക്കായുള്ള ആഘോഷ പരിപാടികൾ ഔദ്യോഗികമായി തന്നെ സംഘടിപ്പിക്കാറുണ്ട്, അതോടൊപ്പം തന്നെ രാജ്യത്തെ പ്രധാന ഷോപ്പിംഗ് മാളുകളിലും ഖറന്‍ഖശു ആഘോഷങ്ങൾ നടക്കും .
റമളാൻ പകുതി പിന്നിട്ട് , ഇനി പെരുന്നാളിനായുള്ള ഒരുക്കം കൂടിയാണ് ഖറന്‍ഖശു . ഇവിടെ നിന്നും നിന്ന് ലഭിക്കുന്ന സമ്മാനങ്ങളും നാണയങ്ങളും സ്വരുക്കൂട്ടി പെരുന്നാൾ ആഘോഷത്തിനായി മാറ്റി വെക്കുന്നവരും കുട്ടിക്കൂട്ടങ്ങളില്‍ ഉണ്ട്.
License No: L2109211 (Marketing & Promotion services on social media), Valid Until : 05/04/2024