ജോൺ ബ്രിട്ടാസ് എം പിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അംബാസഡർ ഇക്കാര്യം സ്ഥിരീകരിച്ചത്
ഇന്ത്യയിൽ നിന്ന് വിസിറ്റ് വിസയിൽ ഒമാനിലേക്ക് ഗാർഹിക തൊഴിലാളികളെ കൊണ്ട് വരികയും പിന്നീട് അവർക്ക് ജോലിയോ താമസമോ നൽകാതെ ദുരിതത്തിലാകുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും ഇത്തരത്തിൽ പെട്ടുപോയ നാനൂറോളം പേരെ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ ഇന്ത്യൻ എംബസി മുൻ കയ്യെടുത്തു നാട്ടിലേക്ക് എത്തിച്ചതായും അംബാസഡർ അമിത് നാരംഗ് പറഞ്ഞു. ഹൃസ്വ സന്ദർശനത്തിന് ഒമാനിൽ എത്തിയ ജോൺ ബ്രിട്ടാസ് എം പിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കവെയാണ് അംബാസഡർ ഇക്കാര്യം സ്ഥിതീകരിച്ചത്.
ഒമാനിലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹം ഒട്ടേറെ പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നും സന്ദർശക വിസയിൽ എത്തുന്ന ഗാർഹിക തൊഴിലാളികളാണ് ഏറ്റവും കൂടുതൽ ചൂഷണത്തിന് ഇരയാകുന്നതെന്നും, ഇന്ത്യയിൽ നിന്ന് വിസിറ്റ് വിസയിൽ ഒമാനിലേക്ക് ഗാർഹിക തൊഴിലാളികളെ കൊണ്ട് വരികയും പിന്നീട് അവർക്ക് ജോലിയോ താമസമോ നൽകാതെ ദുരിതത്തിലാകുന്ന ഒട്ടേറെ സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നു ജോൺ ബ്രിട്ടാസ് അംബാസഡറോട് പറഞ്ഞു. അതിനു മറുപടിയെന്നോണമാണ് അംബാസിഡർ ഇത്തരത്തിൽ പെട്ടുപോയ നാനൂറോളം പേരെ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ ഇന്ത്യൻ എംബസി മുൻ കയ്യെടുത്തു നാട്ടിലേക്ക് എത്തിച്ചതായി അറിയിച്ചത്.
അതോടൊപ്പം ഇത്തരത്തിൽ പ്രയാസത്തിൽ ആകുന്നവരെ താമസിപ്പിക്കുന്ന ഷെൽട്ടർ സംവിധാനം വിപുലപ്പെടുത്തണമെന്നും എം.പി. ആവശ്യപെട്ടു . ഇക്കാര്യങ്ങൾ എല്ലാം എംബസ്സിയുടെ ശ്രദ്ധയിൽ ഉണ്ടെന്നും എംബസി ആവുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും അംബാസഡർ മറുപടി നൽകി .
നിർമാണ മേഖലയിലും വാണിജ്യ സ്ഥാപനങ്ങളിലും സന്ദർശക വിസയിൽ ജോലിക്കെത്തുന്നവരും തൊഴിൽ തട്ടിപ്പിനിരയാകുന്നത് വർധിച്ചിട്ടുണ്ട്. മലയാളികൾ അടക്കം തൊഴിൽ തട്ടിപ്പിന് ഇരയായി ദുരിതത്തിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യൻ എംബസിയുടെ സഹായത്തിലും സാമൂഹിക സംഘടനകളുടെ ഇടപെടലിലും തിരിച്ച് നാടഞ്ഞത്. വലിയ ദുരിത ജീവതങ്ങളിലൂടെയാണ് തൊഴിൽ കാലയളവിൽ ഇവർ കടന്നുപോകുന്നത്.
വിനോദ സഞ്ചാര – കുടുംബ സന്ദർശക വിസകളാണ് തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നത്. സന്ദർശക വിസയിൽ എത്തി ജോലി ചെയ്യുന്നത് നിയമവിരുദ്ധമാണെന്നിരിക്കെ ഇവയെ കുറിച്ച് കൃത്യമായ അന്വേഷണം നടത്താതെയാണ് പ്രവാസികളും ഒമാനിലെത്തുന്നത്. നിയമം ലംഘിച്ച് വിദേശികളെ സന്ദർശക വിസയിൽ തൊഴിലിന് എത്തിച്ച് പണം സമ്പാദിക്കുന്ന മലയാളികളും നിരവധിയാണെന്ന് സിറാജ് ഒമാൻ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം, സന്ദർശക വിസയിൽ ഒമാനിലെത്തി ജോലി ചെയ്യുന്നവർക്ക് തൊഴിലിടങ്ങളിൽ ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ടുകളുണ്ടായാൽ തൊഴിൽ മന്ത്രാലയത്തിലോ റോയൽ ഒമാൻ പോലീസിലോ പരാതി നൽകാൻ സാധിക്കില്ല. ഇത്തരം തൊഴിലാളികളുടെ പാസ്പോർട്ട് തൊഴിലുടമയോ കമ്പനികളോ വാങ്ങിവെക്കുകയാണ് പതിവ്. എന്നാൽ, പാസ്പോർട്ട് പിടിച്ചുവെച്ചതിനെതിരെ പരാതി നൽകാൻ സാധിക്കുമെങ്കിലും ഇതിന് പ്രത്യേകം ശിക്ഷയില്ല. പാസ്പോർട്ട് തിരികെ വാങ്ങി നൽകാൻ അധികൃതർക്ക് സാധിക്കും എന്നു മാത്രം.
തൊഴിലിടങ്ങളിൽ നേരിടുന്ന നിയമലംഘനങ്ങൾക്കെതിരെ പരാതി സമർപ്പിക്കുന്നതിന് തൊഴിൽ കരാർ ഉൾപ്പെടെ നിർബന്ധമാണ്. പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാർ രജിസ്റ്റർ ചെയ്യുന്നതിന് തൊഴിൽ മന്ത്രാലയം നേരത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ, സന്ദർശക വിസയിൽ എത്തുന്നവർക്ക് ഇതുണ്ടാകില്ല. മാത്രമല്ല. സന്ദർശക വിസാ കാലാവധി കഴിഞ്ഞാൽ ഓരോ ദിവസവും 10 റിയാൽ വീതം പിഴ ഈടാക്കും. ഏറ്റവും ഉയർന്ന പിഴതുക 500 റിയാൽ വരെയാണ്. സന്ദർശക വിസയിലെത്തി ജോലി ചെയ്യുന്നത് പിടിക്കപ്പെട്ടാൽ സ്ഥാപനത്തിന് 1000 റിയാലും തൊഴിലാളിക്ക് 400 റിയാലും പിഴ ശിക്ഷ ലഭിക്കും. തൊഴിലാളിയെ കയറ്റിവിടുകയും ചെയ്യും.
മലയാളികൾ വിദേശത്തു തൊഴിൽത്തട്ടിപ്പിനിരയാകുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്നു നോർക്ക റൂട്ട്സ് ഉണർത്തിയിരുന്നു. വിദേശ യാത്രയ്ക്കു മുൻപു തൊഴിൽദാതാവിനെ കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കണം. ഇ-മൈഗ്രേറ്റ് പോർട്ടലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള റിക്രൂട്ടിംഗ് ഏജൻസികൾ മുഖേന മാത്രമേ വിദേശത്തേക്കു തൊഴിൽ യാത്ര നടത്തുവാൻ പാടുള്ളു. അനധികൃത റിക്രൂട്ടിംഗ് ഏജൻസികൾ നൽകുന്ന സന്ദർശക വീസകൾ വഴിയുള്ള യാത്ര നിർബന്ധമായും ഒഴിവാക്കുകയും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും വേണം. സിറാജ് ഒമാൻ റിപ്പോർട്ടിൽ പറയുന്നു.