മസ്കറ്റ് : പ്ലസ്ടു കോഴ കേസില്‍ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിയതിൽ സന്തോഷമറിയിച്ച് മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി.സുപ്രീം കോടതി കേസ് തള്ളുക മാത്രമല്ല ചെയ്തത് പിണറായിയുടെ പിടലിക്ക് പിടിച്ച് തള്ളുകയാണ് ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിൽ നികേഷ്കുമാറിന്റെ പരാജയത്തിന് ശേഷം പ്രതികാരമെന്നോണം സർക്കാർ തന്നെ വേട്ടയാടുകായിരുന്നുവെന്ന് ഷാജി പറഞ്ഞു. സുപ്രീം കോടതി ഉത്തരവിന് ശേഷം മസ്കറ്റിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്ലസ്ടു കോഴ കേസില്‍കെ.എം.ഷാജിക്കെതിരായ വിജിലന്‍സ് അന്വേഷണം റദ്ദാക്കിയതിന് എതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളുകയായിരുന്നു. കള്ളപ്പണ നിരോധന നിയമവുമായി ബന്ധപ്പെട്ട് ഷാജിക്ക് എതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ഇഡി നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി തള്ളി. എന്ത് തരം കേസാണ് ഇതെന്ന പരാമര്‍ശത്തോടെയാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക, അഗസ്റ്റിന്‍ ജോര്‍ജ് മസിഹ് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഹര്‍ജികള്‍ തള്ളിയത്.
ഭരണകൂടം ഒരാളെ വേട്ടയാടുമ്പോൾ നിസ്സാഹയനായി നിൽക്കാൻ മാത്രമേ കഴിയൂ എന്നതിന്റെ ഉദാഹരണമാണിത്. തിരഞ്ഞെടുപ്പിൽ നികേഷിന് വേണ്ടി പരസ്യമായി പ്രവർത്തിച്ച ലീഗ് പ്രവർത്തകനെ പുറത്താക്കിയിരുന്നു. ഇയാളാണ് ആദ്യ പരാതിക്കാരൻ. ഇത് വിജലൻസ് കേസെടുക്കാനികില്ലെന്ന് കാട്ടി തള്ളി. പിന്നീട് 2020 ൽ ഇതേ കേസ് കുത്തിപൊക്കിയാണ് തന്നെ വേട്ടയാടിയതെന്നും
ഈ സമയത്തെല്ലാം തന്നോടൊപ്പം നിന്ന തങ്ങൾകുടംബത്തിനുൾപടേ നന്ദി അറിയിക്കുന്നതായും ഷാജി പറഞ്ഞു.
കേസില്‍ ഇതുവരെ വിജിലന്‍സ് രേഖപ്പെടുത്തിയ 54 പേരുടെയും മൊഴികള്‍ പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്. മൊഴി നല്‍കിയവരില്‍ ഏതെങ്കിലും ഒരു വ്യക്തി ഷാജി പണം ആവശ്യപെട്ടിട്ടുണ്ടോ എന്നും പണം വാങ്ങിയോ എന്നും മൊഴി നല്‍കിയിട്ടുണ്ടോ എന്നും സുപ്രീംകോടതി ആരാഞ്ഞു. അത്തരം ഒരു മൊഴിയുണ്ടെങ്കില്‍ അത് കാണിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടതെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
2014-ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020-ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് നേരത്തെ കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ നീരജ് കിഷന്‍ കൗളും, സ്റ്റാന്റിംഗ് കോണ്‍സല്‍ ഹര്‍ഷദ് വി. ഹമീദും ആണ് സുപ്രീം കോടതിയില്‍ ഹാജരായത്. കെ.എം. ഷാജിക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ നിഖില്‍ ഗോയല്‍, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവരാണ് ഹാജര്‍ ആയത്.