മസ്കറ്റ് : റൂവി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് സിറ്റി ഫാം റിസോർട്ട് സീബിൽ ഓണാഘോഷവും ആർ എം എ അംഗങ്ങൾക്കുള്ള പ്രിവിലേജ് കാർഡിന്റെ ലോഞ്ചിങ്ങും നടന്നു. നാടിന്‍റെ ഗൃഹാതുരമായ ഓർമ്മകളിലേത് പോലെമഹാബലിയെ താലപ്പൊലിയുമായി വരവേറ്റുകൊണ്ട് പഞ്ചവാദ്യ സംഘത്തിന്റെ മേളക്കൊഴുപ്പ് തൃശൂർ പൂരത്തെ അനുസ്മരിപ്പിക്കും വിധം കാണികൾക്ക് ആസ്വാദനത്തിന്റെ വ്യത്യസ്‍ത അനുഭവം സമ്മാനിച്ചു .മനോഹരമായ ഓണപ്പൂക്കളവും വിഭവസമൃദ്ധമായ ഓണസദ്യയും ഓണപ്പാട്ട് ,തിരുവാതിര ,ഉറിയടി, വടം വലി തുടങ്ങി നാട്ടിൻ പുറത്തെ വിവിധകായിക മത്സരങ്ങൾ അരങ്ങേറി .സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു .ആർ എം എ പ്രസിഡന്റ് ഫൈസൽ ആലുവ അദ്ധ്യക്ഷത വഹിച്ചു .പ്രവാസികളെ സംബന്ധിച്ചിടത്തോളം ഓണത്തിന്‍റെ പ്രാധാന്യം കേവലം സാംസ്കാരികമായ കാഴ്ചപ്പാട് മാത്രമല്ല. മലയാളിയുടെ പാരമ്പര്യത്തെക്കുറിച്ചും ഐക്യത്തിന്‍റെ മൂല്യങ്ങളെക്കുറിച്ചും തിരിച്ചറിയുക കൂടിയാണെന്ന് ഫൈസൽ ആലുവ ചടങ്ങ് ഉൽഘാടനം നിര്വഹിച്ചുകൊണ്ട് പറഞ്ഞു .ചടങ്ങിൽ ആർ എം എ ജനറൽ സെക്രട്ടറി ഡോ.മുജീബ് അഹമ്മദ് സ്വാഗതവും ആർ എം എ ട്രഷറർ സന്തോഷ് കെ ആർ നന്ദിയും പറഞ്ഞു .വിവിധ സ്ഥാപനങ്ങളിൽ നിന്നും ആർ എം എ അംഗങ്ങൾക്ക് ആനുകൂല്യം കിട്ടുന്നതിന് വേണ്ടിയുള്ള പ്രിവിലേജ് കാർഡിന്റെ ലോഞ്ചിങ് എവറെസ്റ്റ് ഇന്റർനാഷണൽ കമ്പനി എം ഡി സുരേഷ് ബാലകൃഷ്ണനും മസ്കറ്റ് സ്റ്റാർ കമ്പനി എം ഡി അമീനും ചേർന്ന് നിർവഹിച്ചു .ആർ എം എ അംഗങ്ങൾക്കുള്ള ഇൻഷുറൻസ് സ്‌കീമിനെ കുറിച്ച് ബദർ അൽ സമാ ഹോസ്പിറ്റൽസ് ഇൻഷുറൻസ് മാനേജർ ഗിരീഷ് നായർ ,സീനിയർ എക്സിക്യൂട്ടീവ് അജയ് ഫിലിപ്പ് വിശദീകരിച്ചു .ആർ എം എ കമ്മറ്റി അംഗങ്ങളായ വിനോദ് ,നീതു ജിതിൻ ,ഷാജഹാൻ ,സുജിത് സുഗുണൻ ,ബിൻസി സിജോ,എബി മുണ്ടിയപ്പിള്ളി ,ആഷിക് ,സച്ചിൻ ,ഷൈജു എന്നിവർ ഓണപ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി .