മസ്കറ്റ്||ഒമാനിൽ നിരവധി ഗവർണറേറ്റുകളിൽ ഇന്ന് വൈകുന്നേരം മുതൽ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകി .ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയിലെ നാഷണൽ മൾട്ടി-ഹാസാർഡ് എർലി വാണിംഗ് സെന്ററിന്റെ ഏറ്റവും പുതിയ വിശകലനം അനുസരിച്ച്, 17 മുതൽ -22 വരെ നോട്ടിക്കൽ മൈലിന് ഇടയിൽ വേഗതയുള്ള കാറ്റിനൊപ്പമുള്ള ഉഷ്ണമേഖലാ ന്യൂനമർദം ഇന്ന് വൈകുന്നേരം മുതൽ നിരവധി ഗവർണറേറ്റുകളെ ബാധിക്കുമെന്ന് ആണ് പ്രതീക്ഷിക്കുന്നത് .ഒമാൻ തീരത്ത് നിന്ന് 920 കി.മീ അകലെയാണ് ഉഷ്ണമേഖലാ ന്യൂനമർദത്തിന്റെ ഇപ്പോഴത്തെ സ്ഥാനം. ഏറ്റവും അടുത്തുള്ള മഴമേഘങ്ങളുടെ ദൂരം 56 കി.മീ ആണ്. ചൊവ്വ, ബുധൻ ദിവസങ്ങളിലും വ്യത്യസ്ത തീവ്രതയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നും കൂടുതൽ ആഘാതം പ്രതീക്ഷിക്കുന്നതായും ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ മഴ മൂലം വാദികൾ കരകവിഞ്ഞ ഒഴുകാനും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.അൽ വുസ്ത, സൗത്ത് ഷർഖിയ, സൗത്ത് ബാത്തിന, നോർത്ത് ഷർഖിയ, നോർത്ത് ബാത്തിന, ദോഫാർ, അൽ ബുറൈമി, അൽ വുസ്ത, മസ്കറ്റ് , ദാഖിലിയ, ദാഹിറ എന്നീ ഗവർണറേറ്റുകളിലാണ് വിവിധ ദിവസങ്ങളിൽ മഴയ്ക്ക് സാധ്യതയുള്ളത്. ഉഷ്ണമേഖലാ ന്യൂനമർദം ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്ന , അൽ വുസ്ത, ദോഫാർ, തെക്കൻ ഷറക്കിയ ഗവർണറേറ്റുകളിലെ എമർജൻസി സെന്ററും സെക്ടറുകളും സബ് കമ്മിറ്റികളും സജീവമാക്കാൻ നാഷണൽ കമ്മിറ്റി ഫോർ എമർജൻസി മാനേജ്മെന്റ് തീരുമാനിച്ചു. അറബിക്കടലിലെ ഉഷ്ണമേഖലാ ന്യൂനമർദം കനത്ത മഴക്ക് ഇടയാക്കുമെന്ന സാഹചര്യത്തിൽ ഒമാൻ ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ, ഇന്നൊവേഷൻ മന്ത്രാലയം വിവിധ ഗവർണറേറ്റുകളിൽ നേരിട്ടുള്ള ക്ലാസുകൾ നിർത്തിവച്ച് വിദൂര പഠനത്തിലേക്ക് മാറുന്നതായി പ്രഖ്യാപിച്ചു.മസ്കറ്റ്, തെക്കൻ ഷറക്കിയ,വടക്കൻ ഷറക്കിയ, അൽ വുസ്ത, തെക്കൻ ബാത്തിന, വടക്കൻ ബാത്തിന അൽ ബുറൈമി, അൽ ദഖിലിയയുടെയും അൽ ദാഹിറയുടെയും പർവതപ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ചൊവ്വാഴ്ച മുതൽ റിമോട്ട് ക്ലാസ് പ്രഖ്യാപിച്ചത്. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. , കാലാവസ്ഥ മെച്ചപ്പെടുന്നതുവരെ റിമോട്ട് സംവിധാനം തുടരും. അതേസമയം മസ്കറ്റ്, സൗത്ത് അൽ ശർഖിയ, നോർത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ നാളെ മുതൽ ഓഫിസുകളിൽ വർക്ക് സസ്പെൻഡ് ചെയ്യാനും റിമോട്ട്/ വർക്ക് ഫ്രം ഹോം ആക്കാനും നാഷണൽ കമ്മിറ്റി ഫോർ എമെർജൻസി മാനേജ്മന്റ് നിർദ്ദേശിച്ചു. അൽ വുസ്ത – നോർത്ത് അൽ ബത്തിന – സൗത്ത് അൽ ബതിന, അൽ ദഖിലിയ – അൽ ദാഹിറ – അൽ ബുറൈമി ഗവർണറേറ്റുകളിലെ പർവതപ്രദേശങ്ങളിലും സ്കൂളുകൾക്ക് അവധി നൽകാനും ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റാനും നാഷണൽ കമ്മിറ്റി ഫോർ എമെർജൻസി മാനേജ്മന്റ് നിർദ്ദേശിച്ചു. മഴമൂലം മസ്കറ്റ് ഗവര്ണറേറ്റിലെ പാർക്കുകളും ഗാർഡനുകളും അടച്ചതായി മസ്കറ്റ് നഗരസഭ അറിയിച്ചു. പ്രതികൂല കാലാവസ്ഥ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ അടിയന്തിര സഹായം ആവശ്യമുള്ളവർ സലാല കെഎംസിസി യുടെ വിവിധ ഏരിയാ കമ്മറ്റികൾ ബന്ധപ്പെടണമെന്ന് സലാല കെഎംസിസി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു. മസ്കറ്റ് കെഎംസിസി കെയർ വിങും സഹായ വാഗ്ദാനവുമായി രംഗത്തുണ്ട്. സർക്കാർ മുന്നറിയിപ്പുകൾ പിന്തുടരണമെന്നും വാദികളിൽ ഇറങ്ങരുതെന്നും , തെറ്റായ സന്ദേശം പ്രചരിപ്പിക്കരുതെന്നും അധികൃതർ പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു,