മസ്കറ്റ് : എസ് എൻ ഡി പി യോഗം ഒമാൻ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുവാൻ തീരുമാനിച്ചിരുന്ന ഈ വർഷത്തെ എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കിയതായി യോഗം പത്രക്കുറിപ്പിൽ അറിയിച്ചു.
വയനാട്ടിൽ സംഭവിച്ച മഹാ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആണ് തീരുമാനം. എസ് എൻ ഡി പി ഒമാൻ യൂണിയന്റെ വാർഷികവും, പൊന്നോണം 2024 എന്ന ഓണാഘോഷ പരിപാടിയുമാണ് മാറ്റി വയ്ക്കുവാൻ തീരുമാനിച്ചതെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.
വയനാട് മുണ്ടക്കൈ പ്രദേശത്ത് ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി ജീവനുകൾ പൊലിയുകയും ഒട്ടേറെ നാശനഷ്ടങ്ങളും നേരിടേണ്ടി വന്ന ജനങ്ങളോടുള്ള ആദരവും അനുഭാവവും പ്രകടിപ്പിച്ചുകൊണ്ടാണ് എല്ലാ ആഘോഷ പരിപാടികളും റദ്ദാക്കുവാൻ തീരുമാനിച്ചത്.
കൂടാതെ ആഘോഷ പരിപാടികൾക്കായി സമാഹരിക്കുവാൻ ഉദ്ദേശിച്ചിരുന്ന തുക വയനാട്ടിലെ ദുരന്തബാധിതർക്കായി നൽകുവാനും എസ് എൻ ഡി പി ഒമാൻ യൂണിയൻ തീരുമാനിച്ചു.
