മസ്കറ്റ്
കേരളത്തിലെ വിമാനത്താവളത്തിൽ നിന്ന് ഒമാനിലേക്ക് ചെറിയ കുട്ടികളുമായി എത്തുന്ന കുടുംബങ്ങളുടെ യാത്ര മുടങ്ങുന്നത് തുടർക്കഥയാകുന്നു. കുട്ടികളുടെ റസിഡന്റ്‌സ് കാർഡ് സ്വന്തമാക്കുകയോ ഇ വിസ കൈവശം വക്കാത്തതോ ആണ് പ്രധാന കാരണം. ഒമാൻ വിസ പാസ്‌പോർട്ടിൽ രേഖപ്പെടുത്തുന്നത് നിർത്തിയിട്ട് കാലങ്ങളായി. കുട്ടികളുമായി യാത്ര ചെയ്യുന്നവർ റസിഡന്റ്‌സ് കാർഡ് ഇല്ലെങ്കിൽ ഇ-വിസ കോപ്പി കൈവശം കരുതണണമെന്ന് ട്രാവൽ ഏജൻസികളും ഓർമ്മിപ്പിക്കുന്നു. അശ്രദ്ധ മൂലവും കേരളത്തിലെ വിമാനത്താവളം അധികൃതരുടെ അനാവശ്യ ഇടപെടൽ മൂലവും ഒമാനിലേക്കുള്ള പ്രവാസി താമസക്കാരുടെ യാത്ര മുടങ്ങുന്നത് കണ്ണൂർ വിമാനത്താവളത്തിൽ ഇപ്പോൾ നിത്യ സംഭവമാണ്. കോഴിക്കോട്, നാദാപുരം പാറക്കടവ് സ്വദേശി ലിഗേഷിനും കുടുംബത്തിനുമാണ് അവസാനമായി കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഈ ദുരനുഭവം ഉണ്ടായത്.മസ്കറ്റിൽ താമസവിസയുള്ള ലിഗേഷും കുടുംബവും രണ്ട് മാസം മുമ്പ് ആണ് അവധിക്ക് നാട്ടിൽ എത്തിയത്. ലിജേഷും ഭാര്യയും മടക്ക യാത്രക്കായി രണ്ടുകുട്ടികളുമായാണ് വിമാനത്താവളത്തിൽ എത്തിയത്. അഞ്ചു വയസ്സായ കുട്ടിക്ക് റസിഡന്റ്‌സ് കാർഡ് ഉണ്ടായിരുന്നില്ല. കുട്ടികൾക്ക് ഒമാനിൽ പത്ത് വയസുവരെ ഐ ഡി കാർഡ് നിർബന്ധമില്ല. ഇപ്പോൾ പാസ്‌പോർട്ടിൽ വിസയും രേഖപ്പെടുത്താറില്ല. ഇ-വിസ ഇവർ കൈയിൽ കരുതിയിരുന്നുമില്ല. കണ്ണൂരിൽ നിന്ന് പുലർച്ചെ 6.45ന് ഒമാനിലേക്ക് പൊകുന്ന എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തിലായിരുന്നു ടിക്കറ്റ്. അഞ്ചു വയസ്സുള്ള കുട്ടിയെ കയറ്റിവിടാൻ ആവില്ല എന്ന് തീർത്തു പറഞ്ഞപ്പോൾ ഒരു കുടുംബത്തിന്റെ യാത്ര അനിശ്ചിതത്തിൽ ആകുകയായിരുന്നു. ലിഗേഷ് ജോലി ചെയ്യുന്ന കമ്പനിയിൽ വിളിച്ചു കുട്ടിയുടെ ഇ-വിസ വരുത്താൻ കമ്പനിയുടെ ഓഫീസ് തുറക്കണം. യാത്ര ചെയ്തില്ലെങ്കിൽ നാല് ടിക്കറ്റിന്റെ തുക നഷ്ടമാകും. ഭാര്യയെയും കൊച്ചു കുട്ടിയേയും അതേവിമാനത്തിൽ കയറ്റിവിട്ടു. അടുത്ത വിമാനത്താവളമായ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. പോകുന്ന വഴി ഒമാനിൽ നിന്ന് കുട്ടിയുടെ ഇ വിസ വരുത്തിയിരുന്നു. വീണ്ടും ടിക്കെറ്റെടുത്തു ലിജേഷും കുട്ടിയും കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് ഒമാനിലേക്ക് പറന്നു. കണ്ണൂർ എയർപോർട്ടിൽ സമാന പ്രശ്‌നവുമായി അഞ്ച് പേരടങ്ങുന്ന കുടുംബത്തിനും അന്നേ ദിവസം ഇതേ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിച്ചിരുന്നില്ല. അവരുടെ കൂടെയുള്ള നാല് വയസായ കുട്ടികളുടെ വിസ പാസ്‌പോർട്ടിൽ രേഖപ്പെടുത്താത്തതാണ് കാരണം. ഇ വിസയും കൈയിലുണ്ടായിരുന്നില്ല. യാത്ര മുടങ്ങുകവഴി ഭീമമായ ടിക്കറ്റ് തുകയാണ് യാത്രക്കാർക്ക് നഷ്ടമാകുന്നത്. കുട്ടികളുമായി യാത്ര ചെയ്യുന്നവർ റസിഡന്റ്‌സ് കാർഡ് ഇല്ലെങ്കിൽ ഇ-വിസ കോപ്പി കൈവശം കരുതണണമെന്ന് ട്രാവല്‍ ഏജന്‍സികൾ നിരന്തരമായി യാത്രക്കാരോട് ആവശ്യപ്പെടുന്നുണ്ട്.