വയനാടിന് കൈത്താങ്ങായി മലയാളം മിഷൻ ഒമാൻ ചാപ്റ്റർ കുട്ടികളും

മസ്‌കറ്റ് : മലയാളം മിഷൻ ഒമാൻ ചാപ്റ്റർ മസ്‌ക്കറ്റ് മേഖലാ സുഗതാഞ്ജലി കാവ്യാലാപന മത്സരം ഓഗസ്റ്റ് ഒൻപത് വെള്ളിയാഴ്ച, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം ഓഫീസ് ഹാളിൽ വച്ചു നടന്നു. ജൂനിയർ, സബ് ജൂനിയർ വിഭാഗങ്ങളിലായി പതിനാറ് കുട്ടികൾ പങ്കെടുത്തു. സമാനതകളില്ലാത്ത ദുരിതമനുഭവിക്കുന്ന വയനാട്ടിലെ തങ്ങളുടെ സഹോദരങ്ങൾക്കായി കുട്ടികൾ തങ്ങളുടെ സമ്പാദ്യക്കുടുക്കകളുമായാണ് മത്സരത്തിനെത്തിയത്. ‘വയനാടിന് ഒരു ഡോളർ’ എന്ന മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കടയുടെ അഭ്യർത്ഥന ആലേഖനം ചെയ്ത സംഭാവനപ്പെട്ടിയിലും കുട്ടികളും രക്ഷിതാക്കളും തങ്ങളുടെ സ്നേഹം നിറച്ചു. വയനാട് ദുരന്തത്തിൻറെ പശ്ചാത്തലത്തിൽ അനുബന്ധ ആഘോഷങ്ങളെല്ലാം ഒഴിവാക്കി മത്സര പരിപാടികൾ മാത്രം നടത്തി അവസാനിപ്പിക്കുകയായിരുന്നു.

ജൂനിയർ വിഭാഗത്തിൽ റൂവി പഠനകേന്ദ്രത്തിൽ നിന്നുള്ള ആലാപ് ഹരിദാസ് ഒന്നാം സ്ഥാനവും, സചേത് വിജയൻ രണ്ടാം സ്ഥാനവും, ഫാത്തിമ സിയ മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ ധ്യാനാ നിധീഷ്‌കുമാർ ഒന്നാം സ്ഥാനവും, ബിലാൽ ദാവൂദ് രണ്ടാം സ്ഥാനവും, അവന്തിക പ്രിയേഷ് മൂന്നാം സ്ഥാനവും നേടി. മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ചു വരുന്ന കാവ്യാലാപന മത്സരമാണ് സുഗതാഞ്ജലി. ജൂനിയർ വിഭാഗത്തിൽ ബാലാമണിയമ്മയുടെ കവിതകളും, സബ് ജൂനിയർ വിഭാഗത്തിൽ ചങ്ങമ്പുഴക്കവിതകളുമായിരുന്നു ഇത്തവണത്തെ മത്സരത്തിൽ ആലപിക്കേണ്ടിയിരുന്നത്.

മലയാളം മിഷൻ ഒമാൻ ചാപ്റ്റർ സെക്രട്ടറി അനു ചന്ദ്രൻ, ട്രഷറർ പി ശ്രീകുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിഭാഗം കൺവീനർ സന്തോഷ് കുമാർ, ഇന്ത്യൻ സ്‌കൂൾ ബോർഡ് അംഗം നിധീഷ്‌കുമാർ, മലയാളം മിഷൻ ജോയിൻറ് സെക്രട്ടറിമാർ, മിഷൻ അദ്ധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് ആശംസകൾ നേർന്നു. മേഖലാ തല മത്സരത്തിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ കുട്ടികൾ ഈ മാസം അവസാനത്തിൽ സംഘടിപ്പിക്കുന്ന ചാപ്റ്റർ തല മത്സരത്തിൽ പങ്കെടുക്കുമെന്ന് മസ്‌ക്കറ്റ് മേഖലാ കോ-ഓർഡിനേറ്റർ സുനിത്ത് തെക്കടവൻ പറഞ്ഞു

.

Leave a Reply

Your email address will not be published. Required fields are marked *