മസ്‌കത്ത് രാഹുല്‍ ഗാന്ധിയുടെയും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ ആഹ്വാന പ്രകാരം ഒ ഐ സി സി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ദുരിത ബാധിതരെ സഹായിക്കുന്നതിന് വ്യത്യസ്ത പദ്ധതികളുമായി ഒ ഐ സി സിയുടെ വിവിധ ഘടകങ്ങള്‍ രംഗത്ത്. സമാനതകളില്ലാത്ത ദുരിതം നേരിട്ട വയനാട്ടില്‍ ദുരന്തത്തില്‍ കുടുംബവും വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ട് കഴിയുന്നവര്‍ക്ക് വേണ്ടി വിവിധങ്ങളായ പുനഃരധിവാസ പദ്ധതികളാണ് ഒ ഐ സി സി ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി ഒമാനിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും അനുഭാവികളെയും സമാന മനസ്‌കരെയും സഹകരിപ്പിച്ചുകൊണ്ട് വയനാട്ടില്‍ രണ്ട് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് ഒ ഐ സി സി ഒമാന്‍ പ്രഥമ പ്രസിഡന്റ് സിദ്ദീക്ക് ഹസന്‍ പറഞ്ഞു.ആദ്യ ഘട്ടത്തില്‍ പ്രഥമ വീട് ഉടന്‍ തന്നെ നിര്‍മാണം ആരംഭിക്കും. ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ചും കെ പി സി സിയുടെയും ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ അനുസരിച്ചും അര്‍ഹരായവരെ കണ്ടെത്തി വീട് നിര്‍മിച്ച് നല്‍കും. വീട്ടിലേക്ക് ആവശ്യമായ സാധന സാമഗ്രികളും എത്തിച്ചു നല്‍കും. ഇതിന്നായി ഒമാനിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മറ്റു മലയാളികളെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം നടത്തുമെന്നും സിദ്ദീക്ക് ഹസന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.വയനാട് ദുരന്തം നടന്നത് മുതല്‍ ദുരന്ത മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങളിലും മറ്റു സാന്ത്വന, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഒ ഐ സി സി, ഇന്‍കാസ് പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. ഈ സമയങ്ങളില്‍ നാട്ടിലുണ്ടായിരുന്ന പ്രവര്‍ത്തകരാണ് ഇവ ഏകോപിപ്പിച്ചത്. ഇതോടൊപ്പം, ഒമാനില്‍ പ്രവാസികളായ നിരവധി പേരുടെ ഉറ്റവരും ഉടയവരും ദുരന്തത്തില്‍ മരണപ്പെടുകയും ദാരുണമായി പരുക്കേല്‍ക്കുകരയും വീടും സമ്പാദ്യവും നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കുകയും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിന് സാധ്യമായതെല്ലാം ചെയ്യുമെന്നും സിദ്ദീക്ക് ഹസ്സന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *