.നിസ്വ(ഒമാൻ): ഇന്ത്യൻ സ്കൂൾ നിസ്വയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് രക്ഷിതാക്കളുടെ കൂട്ടായ്മ സ്കൂൾ മാനേജ്മെന്റിന് കത്തു നൽകി. കായിക മത്സരങ്ങളിൽ നാഷണൽ ലെവലിൽ അടക്കം മെഡലുകൾ നേടിയ സ്കൂളിൽ ശരിയായ അത്ലറ്റിക് ട്രാക്ക് ഇപ്പോഴുമില്ല. ഇക്കാര്യം രക്ഷിതാക്കൾ ഏറെക്കാലമായി ആവശ്യപ്പെടുന്നതാണ്. ഇത്തരം അടിസ്ഥാന സൗകര്യങ്ങൾ അവഗണിച്ചു കൊണ്ട് സ്വിമ്മിങ് പൂൾ, സ്പോർട്സ് കോംപ്ലക്സ് പോലെ രക്ഷിതാക്കളുടെ മേൽ അധിക സാമ്പത്തിക ഭാരം ഉണ്ടാവാൻ സാധ്യതയുള്ള വലിയ പദ്ധതികൾ നടപ്പിലാക്കാൻ സ്കൂൾ മാനേജ്മെന്റ് തയ്യാറെടുക്കുകയാണെന്നും, സാധ്യത പഠനം പോലും നടത്താതെ ഇക്കാര്യങ്ങളുമായി മുന്നോട്ടു പോകാനുള്ള മാനേജ്മെന്റ് നീക്കം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ആശങ്കകൾ അറിയിച്ചു കത്ത് നൽകേണ്ടി വന്നതെന്നും കൂട്ടായ്മ പ്രതിനിധികൾ പറഞ്ഞു. ആർട്സ്, സ്പോർട്സ് ഇവെന്റുകൾ നടക്കുന്ന കാലയളവിൽ മത്സരാർത്ഥികൾക്ക് പരിശീലനം നടത്താൻ പ്രത്യേക പീരിയഡ്, സ്കൂളിന്റെ പ്രവർത്തനത്തിൽ സഹായിക്കാൻ രക്ഷിതാക്കളുടെ ടാസ്ക് ഫോഴ്സുകളുടെ രൂപീകരിക്കണം, സ്കൂളിൽ വിദ്യാർത്ഥികൾക്കായി കാന്റീൻ എന്നീ ആവശ്യങ്ങളും കത്തിൽ ഉന്നയിച്ചതായി പേരെന്റ്സ് ഫോറം പ്രതിനിധികൾ ആയ സുബൈർ ഇടത്തുംകുന്ന്, സുനിൽ പൊന്നാനി, ബിജു മാവേലിക്കര എന്നിവർ അറിയിച്ചു.