മസ്കറ്റ് :
കനത്ത വേനൽ ചൂടിൽ , നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് ആശ്വാസമേകികൊണ്ട് കൈരളി ഹമറിയ എല്ലാവർഷവും സംഘടിപ്പിക്കാറുള്ള ” സാന്ത്വനം പരിപാടിക്ക് ഈ വർഷവും ലഭിച്ചത് വലിയ സ്വീകാര്യത . നിർമ്മാണ മേഖലയിലെ തൊഴിലാളികൾക്ക് അവരുടെ താമസ സ്ഥലങ്ങളിലെത്തി പഴവർഗങ്ങൾ , ശീതളപാനീയങ്ങൾ , പ്രാഥമിക ശുശ്രൂഷക്കു നൽകുന്ന മരുന്നുകൾ എന്നിവയുൾപ്പടെയുള്ള കിറ്റുകളാണ് നൽകിയത് ,നഗരത്തിലെ വിവിധ ലേബർ ക്യാമ്പുകളിലായി മുന്നൂറോളം ആളുകൾക്കാണ് കിറ്റുകൾ നൽകിയത് . വാദികബീറിൽ നടന്ന ലളിതമായ ചടങ്ങിൽ ലോക കേരള സഭ അംഗവും പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്‌ടരുമായ വിൽസൺ ജോർജ് , ആദ്യ കിറ്റ് സാമൂഹിക പ്രവർത്തകൻ ലിജുവിന് നൽകി കൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു . ” ഒമാനിലെ അഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരായ പ്രവാസികളിൽ ഭൂരിഭാഗവും അടിസ്ഥാന വർഗത്തിൽപ്പെട്ട ആളുകളാണ് , കനത്ത വേനൽച്ചൂടിൽ അതിന്റെ ബുദ്ധിമുട്ടുകൾ ഏറ്റവും അധികം അനുഭവവിക്കുന്നതും ഇവരാണ് അതിനാൽ ഇത്തരക്കാരെ ചേർത്ത് പിടിക്കാൻ കൈരളി ഹമറിയ നടത്തുന്ന പ്രവർത്തനം പ്രശംസനീയമാണെന്നും , അതെ സമയം ഇന്ത്യൻ പ്രവാസികളെ മാത്രമല്ല സാന്ത്വനം പദ്ധതിയിലൂടെ സഹായിക്കുന്നത് എന്നും, ജീവിതമാർഗം തേടി ഈ മണ്ണിലെത്തിയ എല്ലാവരെയും ഈ പരിപാടിയിലൂടെ ചേർത്തു പിടിക്കുമെന്നും വിൽസൺ ജോർജ് കൂട്ടിച്ചേർത്തു . ” ഈ വർഷം സമാനതകളില്ലാത്ത ചൂടിനാണ് ഒമാൻ സാക്ഷ്യം വഹിച്ചതെന്നും , ചില ദിവസങ്ങളിൽ ലോകത്തിൽ തന്നെ ഏറ്റവും അധികം ചൂട് രേഖപ്പെടുത്തിയത് ഒമാനിൽ ആന്നെന്നും അതിനാൽ നിർമ്മാണ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് കൂടുതൽ കരുതൽ ആവശ്യമാണെന്നും , സാന്ത്വനം പദ്ധതിയിലൂടെ അതിനാണ് ശ്രമിക്കുന്നത് എന്നും പരിപാടിക്ക് നേതൃത്വം നൽകിയ സിയാദ് ഉണിച്ചിറ പറഞ്ഞു . സാമൂഹ്യ പ്രവര്‍ത്തകരായ കൃഷ്ണകുമാർ, പ്രമോദ് എന്നിവർ ആശംസകൾ നേർന്നു . സിയാദ് ഉണിച്ചിറ സ്വാഗതവും നൂറുദ്ദീന്‍ നന്ദിയും പറഞ്ഞു.