മസ്കറ്റ് : വിമാനക്കമ്പനി സമരം യാത്ര മുടക്കിയ ഉറ്റവരെ കാണാനാകാതെ ചികിത്സയിൽക്കഴിഞ്ഞ ഒമാനിലെ  പ്രവാസി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മസ്കറ്റിൽ ചികിത്സയിൽക്കഴിഞ്ഞ കരമന നെടുങ്കാട് ടി.സി. 45/2548-ൽ ആർ.നമ്പി രാജേഷാ(40)ണ് മരിച്ചത്. ചികിത്സയിൽക്കഴിഞ്ഞ നമ്പി രാജേഷിനെ കാണാൻ മസ്കറ്റിലേക്കു യാത്രതിരിച്ച ഭാര്യ അമൃത സി.രവിയും അമ്മ ചിത്രയും എയർഇന്ത്യ സമരം കാരണം യാത്രമുടങ്ങി വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. ഇവരെ കാണാതെയാണ് നമ്പി രാജേഷ് ലോകത്തോടു വിടപറഞ്ഞത്.

ആൻജിയോ പ്ലാസ്റ്റിക്കു ശേഷം ആശുപത്രിയിൽനിന്ന്‌ ശനിയാഴ്ച ഫ്ളാറ്റിലെത്തിയ നമ്പി രാജേഷിന് സുഹൃത്തുക്കളാണ് കൂട്ടിനുണ്ടായിരുന്നത്. നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിനിടെയായിരുന്നു മരണം. മരണസമയത്ത് നമ്പി രാജേഷ് ഫ്ളാറ്റിൽ ഒറ്റയ്ക്കായിരുന്നു. സമരമുണ്ടായിരുന്നില്ലെങ്കിൽ ഇത്തരമൊരു ദുരന്തം ഉണ്ടാകുമായിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു.ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഭർത്താവിനെ കാണാൻകഴിയാതെ വിങ്ങിപ്പൊട്ടിയ അമൃതയെ ആശ്വസിപ്പിക്കാനാവാതെ വിമാനത്താവളത്തിൽ ബന്ധുക്കൾ നിസ്സഹായരായിരുന്നു.

തന്റെ യാത്ര മുടങ്ങിയെങ്കിലും ഭർത്താവ് ചികിത്സയ്ക്കായി നാട്ടിലേെക്കത്തുമെന്ന പ്രതീക്ഷയിൽ പ്രാർത്ഥനയോടെ കഴിയുകയായിരുന്നു അമൃത.മസ്‌കറ്റിലെ  വാദി കബീർ ഇന്റർനാഷണൽ  ഇന്ത്യൻ സ്കൂളിൽ  ഐ.ടി. മാനേജരായിരുന്നു നമ്പി രാജേഷ്. പി.ആർ.എസ്. നഴ്‌സിങ് കോളേജിൽ ബി.എസ്‌സി. നഴ്‌സിങ് വിദ്യാർഥിനിയാണ് അമൃത. മക്കൾ: അനിക, നമ്പി ശൈലേഷ്.

Leave a Reply

Your email address will not be published. Required fields are marked *