മസ്കറ്റ് : ജോലിയും ശമ്പളവുമില്ലാതെ ദുരിതജീവിതം നയിക്കേണ്ടിവന്ന കോട്ടയം പനച്ചിക്കാട് സ്വദേശിനിയായ യമുനയെന്ന സ്ത്രീയെ സമയോചിതമായ ഇടപെടലുകൾ നടത്തി ഇൻകാസ് ഒമാൻ പ്രവർത്തകർ സുരക്ഷിതയായി നാട്ടിലെത്തിച്ചു. നാട്ടിലെ ട്രാവൽ ഏജന്റ് വ്യാജ ജോലിവാഗ്ദാനം നൽകി യമുനയെ ഒമാനിലെത്തിക്കുകയും പിന്നീട് കയ്യൊഴിയുകയും ചെയ്തതുമൂലം ജോലിയും ശമ്പളവുമില്ലാതെ മാനസികമായും ശാരീരികമായും തീരെ തളർന്ന ഈ സ്ത്രീയെ തിരികെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി സഹായമഭ്യർത്ഥിച്ച് യമുനയുടെ വീട്ടുകാർ കെപിസിസി സെക്രട്ടറിയും മുൻ കോട്ടയം ഡിസിസി പ്രസിഡന്റുമായ അഡ്വ. ടോമി കല്ലാനിയെ സമീപിക്കുകയായിരുന്നു. അദ്ദേഹം അറിയിച്ചതനുസരിച്ച് ഇൻകാസ് ഒമാൻ ഭാരവാഹികൾ വിഷയത്തിൽ ഇടപെടുകയും വൈസ് പ്രസിഡന്റ് നിയാസ് ചെണ്ടയാടിന്റെ നേതൃത്വത്തിൽ ഇവരെ തിരികെയെത്തിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.
സങ്കീർണ്ണമായിരുന്ന നിരവധി പ്രശ്നങ്ങൾ മസ്കറ്റിലെ ഇന്ത്യൻ എംബസിയുടെയും ഒമാൻ അധികൃതരുടെയും സഹായത്തോടെ ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് പരിഹരിക്കുവാൻ കഴിഞ്ഞു. ഇൻകാസ് ഒമാൻ പ്രസിഡന്റ് അഡ്വ. എം കെ പ്രസാദ്, വൈസ് പ്രസിഡന്റ്മാരയ സലീം മുതുവമ്മേൽ, മാത്യു മെഴുവേലി, ജനറൽ സെക്രട്ടറി മണികണ്ഠൻ കോതോട്ട്, ട്രഷറർ സജി ചങ്ങനാശ്ശേരി തുടങ്ങിയവർ നേതൃത്വം നൽകി. ഗ്ലോബൽ ചെയർമാൻ കുമ്പളത്തു ശങ്കരപ്പിള്ള, നേതാക്കളായ എൻ ഒ ഉമ്മൻ, സജി ഔസേഫ് പിച്ചകശ്ശേരിൽ സാമൂഹ്യ പ്രവർത്തകൻ ഡോ. സജി ഉതുപ്പാൻ, റാഫി മാത്യു നാലുന്നടിയിൽ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. യമുനയുടെ യാത്രാച്ചിലവുകളടക്കമുള്ള സാമ്പത്തികാവശ്യങ്ങൾ ഇൻകാസ് ഒമാൻ ഭാരവാഹികൾ വഹിച്ചു.
നിരവധിയാളുകളാണ് ഇത്തരം കബളിപ്പിക്കലുകൾക്ക് ഇരയായി ഇവിടെയെത്തുന്നതെന്നും തൊഴിലന്വേഷകർ പ്രത്യേകിച്ചും സ്ത്രീകൾ വളരെ ജാഗ്രത പാലിക്കണമെന്നും തൊഴിൽ കരാറുമായി ബന്ധപ്പെട്ട രേഖകൾ നിയമപരമാണെന്ന് ഉറപ്പാക്കുകയും വേണമെന്ന് ഇൻകാസ് ഒമാൻ വൈസ് പ്രസിഡന്റ് നിയാസ് ചെണ്ടയാട് പറഞ്ഞു.