മസ്കറ്റ്

ഒമാനിലെ നിസ്‌വയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി നേഴ്‌സുമാരുടെ മൃതദേഹം നടപടിക്രമംങ്ങൾ പൂർത്തിയാക്കി നാളെ പുലർച്ചെ രണ്ടുമണിക്കുള്ള ഒമാൻ എയർ വിമാനത്തിൽ നാട്ടിലേക്ക് അയക്കും. ഏഴുമണിയോടെ രണ്ടു മൃതദേഹങ്ങളും ഒന്ന് കൊച്ചിയിലും മറ്റൊന്ന് തിരുവനന്തപുരത്തും എത്തും. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിനി മാജിതാ രതീഷ്, കൊല്ലം കൊട്ടിയം സ്വദേശിനി ഷർജ ഇല്യാസ് എന്നിവരാണ് അപകടത്തിൽ മരിച്ച മലയാളികൾ. ഇരുവരുടെയും ഭർത്താക്കന്മാർ വിവരം അറിഞ്ഞു ഒമാനിൽ എത്തിയിരുന്നു. ഇവരും നാളെ നാട്ടിലേക്ക് പോകും.  ഒമാനിൽ ഉണ്ടായിരുന്ന മാജിതായുടെ അമ്മയും മൂന്നു വയസുള്ള ആൺകുട്ടിയും ഇന്നലെ നാട്ടിലേക്ക് തിരിച്ചിരുന്നു. അപകടത്തിൽ പരിക്കേറ്റ നിസ്‌വ ആശുപത്രിയിൽ കഴിയുന്ന  ഷേർളി ജാസ്മിൻ, മാലു മാത്യു എന്നിവരുടെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞതായി നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകുന്ന നിസ്‌വ കെഎംസിസി പ്രവർത്തകർ അറിയിച്ചു.

അവധി ദിവസമായിട്ടും സമയബന്ധിതമായി ഇടപെട്ട് വളരെ വേഗത്തിൽ തന്നെ ഭൗതികശരീരം നാട്ടിലേക്ക് എത്തിക്കാൻ മുൻകൈയെടുത്ത പല സംഘടനകൾക്കൊപ്പം പ്രത്യേകിച്ച് നിസ്‌വ ഇന്ത്യൻ അസോസിയേഷനും, നിസ്‌വ കെ.എം.സി.സി പ്രവർത്തകർക്കും, നേതാക്കൾക്കും നിസ്‌വ ഇന്ത്യൻ അസോസിയേഷൻ അഭിനന്ദനങ്ങൾ അറിയിച്ചു.

മരണപ്പെട്ട രണ്ട് സഹോദരിമാരുടെ ഭർത്താക്കൻമാർക്കുള്ള വിമാന ടിക്കറ്റ് കെ.എം.സി.സിയും ബന്ധുക്കൾക്ക്‌ രണ്ട് ടിക്കറ്റ് കൈരളിയും ഒപ്പം പോകുന്നവർക്കുള്ള രണ്ട് ടിക്കറ്റ് നഴ്സസ് കൂട്ടായ്മയും നൽകി.

മരിച്ച സഹോദരിമാരുടെ ബന്ധുക്കളെയും ഇപ്പോഴും ഹോസ്പിറ്റലിൽ തുടരുന്ന രണ്ടു സഹോദരിമാരെയും പ്രവർത്തകർ എത്തി സമാശ്വാസിപ്പിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു.

അവധി ദിവസങ്ങൾ ആയിട്ടും ഇതിന് വേണ്ടി ഒരുമയോടെ മുന്നിട്ടിറങ്ങി പ്രവർത്തിച്ച എല്ലാവർക്കും, എല്ലാവിധ സഹായങ്ങളും ചെയ്ത നിസ്‌വ ഹോസ്പിറ്റലിലെ ഒമാനി സ്റ്റാഫ്‌കൾക്കും, ആർ.ഓ.പി സ്റ്റാഫ്‌കൾക്കും നിസ്‌വ ഇന്ത്യൻ അസോസിയേഷൻ ഒരായിരം നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *