മസ്കറ്റ്
ഖറൻ ഖാശൂഅ് ആഘോഷമാക്കി ഒമാനിലെ കുട്ടിപ്പട. സാമൂഹിക സ്ഥാപനങ്ങളും സംഘടനകളും വാണിജ്യ കേന്ദ്രങ്ങളും വ്യത്യസ്ത പരിപാടികളും മറ്റും സംഘടിപ്പിച്ചാണ് തിങ്കളാഴ്ച വൈകിട്ട് ഖറൻ ഖാശൂഇനെ വരവേറ്റത്. എല്ലാ വർഷവും റമദാൻൻ 14ന് ഒമാന്റെ ഗ്രാമങ്ങളിലും നഗരങ്ങളിലും നടക്കുന്ന കുട്ടികളുടെ ആഘോഷ മാണ് ഖറൻ ഖാശൂഅ്. കുട്ടികളും കൗമാരക്കാരുമാണ് ഈ ആഘോഷത്തെ വർണാഭമാക്കുന്നത്. ദിവസങ്ങൾക്ക് മുമ്പുതന്നെ കുട്ടികൾ ആഘോഷിക്കാൻ തയ്യാറെടുത്ത് കാത്തിരിക്കും. ഇതുമായി ബന്ധപ്പെട്ട സാധനങ്ങൾ വാങ്ങാൻ സൂഖുകളിലൊക്കെ കഴിഞ്ഞ ദിവസം കുട്ടികളുടെ തിരക്കായിരുന്നു. ഇഫ്താറിനും മഗ്‌രിഹിബ് നിസ്‌കാരത്തിനും ശേഷം കുട്ടികൾ സംഘമായി പാരമ്പര്യവുമായി ബന്ധപ്പെട്ട പാട്ടുകൾ ആലപിച്ച് പുറത്തിറങ്ങും. സംഘങ്ങളായി എത്തുന്ന കുട്ടികളെ മിട്ടായികളും പണവും ഒക്കെ സമ്മാനങ്ങളാണ് നൽകി ഓരോ വീട്ടിലും മുതിർന്നവർ സ്വീകരിക്കും. പുരാതന കാലത്ത് തന്നെ പിന്തുടരുന്നതാണ് ഈ പൈതൃകം. മറ്റ് അറബ് രാജ്യങ്ങളിലും സമാന രീതിയിലുള്ള ആഘോഷങ്ങൾ നിലവിലുണ്ട്. നേരത്തെ ഖറൻ ഖാശൂഅ് സമ്മാനങ്ങൾ ഈത്തപ്പഴവും പണവും ഒക്കെ ആയിരുന്നു. ഇന്ന് പല തരത്തിലുള്ള സമ്മാനങ്ങളാണ് ലഭിക്കുന്നത്. നേരത്തെ പാതിരാത്രി വരെ ആഘോഷം നീണ്ടിരുന്നു. ഇന്ന് ഇഫ്താർ മുതൽ തറാവീഹ് വരെയാണ് സമയം.