മസ്കറ്റ് : യേശുക്രിസ്തുവിന്റെ ജറൂസലം പ്രവേശന ഓര്‍മയില്‍ ക്രൈസ്തവ വിശ്വാസികൾ ഓശാന പെരുന്നാൾ കൊണ്ടാടി. ലാളിത്യത്തിന്‍റെയും വിനയത്തിന്റെയും പ്രതീകമായി കഴുതപ്പുറത്തെത്തിയ ക്രിസ്തുവിനെ ജനക്കൂട്ടം ഒലിവിന്‍ ചില്ലകളും ആര്‍പ്പുവിളികളുമായി ജറൂസലമിലേക്ക് വരവേറ്റതിനെ അനുസ്മരിച്ച് കൊണ്ടാണ് വിശ്വാസ സമൂഹം ഓശാനപ്പെരുന്നാള്‍ ആചരിക്കുന്നത്. ഒമാനിലെ ക്രൈസ്തവ ദേവാലയങ്ങളില്‍ ഓശാന പെരുന്നാളിനോടനുബന്ധിച്ച് ഭക്തിനിർഭരമായ ശുശ്രൂഷകളിലും പ്രത്യേക പ്രാർത്ഥനകളിലും കുരുത്തോല പ്രദക്ഷിണത്തിലും നിരവധി വിശ്വാസികളാണ് പങ്കെടുത്തത്.
ഓശാനയോടെ വിശുദ്ധവാരാചരണത്തിനും തുടക്കമായി. ക്രിസ്തുവിന്‍റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ഓര്‍മ പുതുക്കുന്ന ഇനിയുള്ള ഒരാഴ്ച ക്രൈസ്ത്രവ വിശ്വാസികൾക്ക് പ്രാർത്ഥനാ ദിനങ്ങളാണ്. ക്രിസ്തുവിന്റെ പീഡാനുഭവത്തേയും പുനഃരുദ്ധാനത്തെയും അനുസ്മരിച്ച് പെസഹാ, കാൽ കഴുകൽ, ദുഃഖവെള്ളി, ഉയിർപ്പ് തുടങ്ങി വിവിധ ശൂശ്രൂഷകളാണ് ഇനിയുള്ള ദിവസങ്ങളിൽ നടത്തപ്പെടുക. അന്‍പത് ദിവസത്തെ വ്രതാനുഷഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ചാണ് വിശ്വാസികൾ പുനഃരുദ്ധാന പെരുന്നാൾ ആചരിക്കുന്നത്. റുവി, ഗാലാ, സുഹാർ, സലാല എന്നിവടങ്ങളിലെ വിവിധ ദേവാലയങ്ങളില്‍ നടക്കുന്ന വിശുദ്ധ വാര ശുശ്രൂഷകള്‍ക്ക് മെത്രാപ്പോലീത്താമാരും വൈദികരും കാർമികത്വം വഹിക്കും.