മസ്കറ്റ് : മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും മുസ്ലിം കൈരളിയുടെ അനിഷേദ്ധ്യ നേതാവുമായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും മുസ്‌ലിം ലീഗിന്റെ എഴുപത്തി ആറാമത് സ്ഥാപക ദിനാഘോഷവും റൂവി കെഎംസിസി ഹാളിൽ നടന്നു.
റൂവി കെഎംസിസി സ്ഥാപക പ്രസിഡന്റും ഗ്രന്ഥകാരനുമായ ഡോ. അലി അസ്ഗർ ബാഖവി മുഖ്യാതിഥിയായിരുന്നു.
മതരംഗത്തും, സാമൂഹിക, സാംസ്കാരിക രംഗത്തും പാണക്കാട് കുടുംബം പുലർത്തിയത് മഹിതമായ ആശയങ്ങളാണെന്ന് ഡോ. അലി അസ്ഗർ ബാഖവി ഉദ്ഘാടന പ്രസംഗത്തിൽ സൂചിപ്പിച്ചു.
ക്രിയാത്മക നേതൃത്വത്തിലൂടെ ഒരു സമൂഹത്തെ നയിക്കാൻ പാണക്കാട് കുടുംബത്തിൽ നിന്നും ഓരോ കാലത്തും ഒരുപിടി നേതാക്കൾ കടന്നു വന്നിട്ടുണ്ട് എന്നത് കൗതുകകരമാണ്.
പാണക്കാട് തങ്ങൾ കുടുംബം പിന്തുടരുന്ന പാത പാരമ്പര്യമായി ലഭിച്ചവ തന്നെയാണ് . അത്തരമൊരു കുടുംബ പരമ്പരയിൽ പെട്ട കണ്ണികൾ കേരളക്കരയിൽ ജീവിച്ചിരിപ്പുണ്ട് എന്നത് മാനവികത ആഗ്രഹിക്കുന്ന മത സൗഹാർദ്ദം ആഗ്രഹിക്കുന്ന ഏതൊരു മലയാളിയും അനുസ്മരിക്കുന്ന ഒന്നാണ്.
ഈ നാട്ടിൽ സ്വസ്ഥതയോടെ ജീവിക്കാൻ കഴിയുന്ന സാമൂഹിക അവസ്ഥയ്ക്കായി പ്രവർത്തിക്കാൻ ഈ കുടുംബം മുന്നിലുണ്ടാകുമെന്നത് എന്നും പ്രതീക്ഷയുടെ പൊൻകിരണമാണ് , പാണക്കാട് കുടുംബത്തിന്റെ നിലപാടുകളും, കർമങ്ങളും സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് എല്ലാകാലത്തും നൽകിയിട്ടുള്ളതെന്ന്
ഡോ. അലി അസ്ഗർ ബാഖവി അഭിപ്രായപ്പെട്ടു.
Vഎം എസ് എഫ് മുൻ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ജാസിർ ഒകെ പരിപാടിയിൽ സംബന്ധിച്ചു. റൂവി കെഎംസിസി പ്രസിഡണ്ട് റഫീഖ് ശ്രീകണ്ഠപുരത്തിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ, കഴിഞ്ഞ ദിവസം റൂവി കെഎംസിസി നടത്തിയ ഫുട്ബോൾ ടൂർണമെന്റിലെ സമ്മാന കൂപ്പൺ വിജയികളായ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു , ഫുട്ബോൾ ടൂർണമെന്റിന്റെ വിജയത്തിനായി പ്രവർത്തിച്ച റൂവി കെഎംസിസി വളണ്ടിയേഴ്‌സ് വിങ് അംഗങ്ങളെ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷമീർ പാറയിൽ ആദരിച്ചു , കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷുഹൈബ് പാപ്പിനിശ്ശേരി , റൂവി കെഎംസിസി ജനറൽ സെക്രട്ടറി അമീർ കാവനൂർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു , റൂവി കെഎംസിസി സെക്രട്ടറി താജുദ്ദീൻ പള്ളിക്കര സ്വഗതവും , മുഹമ്മദ് വാണിമേൽ നന്ദിയും പറഞ്ഞു