മസ്കറ്റ് : വ്രതാനുഷ്ടാനങ്ങളാൽ പുണ്യം പെയ്യുന്ന മുപ്പതു ദിനരാത്രങ്ങളെ വരവേൽക്കാൻ ഒമാനിലെ വിശ്വാസി സമൂഹം ഒരുങ്ങി. ഇനിയുള്ള പകലുകൾ അന്ന പാനീയങ്ങൾ വെടിഞ്ഞും ദേഹേശ്ച്ചകൾക്ക് കടിഞ്ഞാണിട്ടും രാത്രികൾ തറാവീഹ് നമസ്കാരത്താലും ഖുർആൻ പാരായണത്താലും ധന്യമാകും. ഒമാനിലെ ഹൈപ്പർ മാർക്കറ്റുകളിലെല്ലാം റമദാന് വേണ്ട സാധനങ്ങൾ വാങ്ങുന്നവരുടെ വൻ തിരക്കാണ് വാരാന്ത്യത്തിൽ അനുഭവപ്പെട്ടത്. പലയിടത്തും റമദാൻ മാർക്കറ്റുകളും ഒരുക്കിയിരുന്നു. റമദാൻ തുടങ്ങുന്നതോടെ ഒമാനിലെ വിവിധ മസ്ജിദുകളോടനുബന്ധിച്ചുള്ള നോമ്പ് തുറ സൗകര്യങ്ങളും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിലുള്ള ഇഫ്താർ മീറ്റുകളും സജീവമാകും. ജാതിമത ഭേതമന്യേ വിവിധ മലയാളി കൂട്ടായ്മകളും ഇഫ്താർ മീറ്റുകൾ സംഘടിപ്പിക്കും. നോമ്പ് കാലം മത മൈത്രിയുടെയും സാമൂഹിക സൗഹാർത്ഥങ്ങളുടെയും ഒത്തുകൂടൽ കാലം കൂടിയാകുന്നത് അങ്ങനെയാണ്. ചന്ദ്രപ്പിറവി ദർശിക്കുന്നതിനുള്ള മൂൺ സൈറ്റ് കമ്മറ്റിയുടെ മീറ്റിങ് ഞായാറാഴ്ച വൈകിട്ട് നടക്കുമെന്ന് ഒമാൻ മതകാര്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച വൈകിട്ട് ചന്ദ്രപ്പിറവി വീക്ഷിക്കാൻ പൊതുജനങ്ങളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. ചന്ദ്രപ്പിറവി ദർശിക്കുന്നവർ മന്ത്രാലയത്തിന്റെ ഫോൺ നമ്പറുകളിൽ വിളിച്ചറിയിക്കണം. ഒമാനില്‍ തൊഴില്‍ മന്ത്രാലയം റമദാനിലെ തൊഴില്‍ സമയക്രമം നേരത്തെ പ്രഖ്യാപിച്ചുരുന്നു . സ്വകാര്യ മേഖലയിലെ ജോലി ചെയ്യുന്ന മുസ്‌ലിം ജീവനക്കാര്‍ക്ക് ദിവസവും ആറ് മണിക്കൂറാണ് ജോലി സമയം. ആഴ്ചയില്‍ 30 മണിക്കൂറില്‍ കൂടുതൽ ജോലി സമയം പാടില്ല. സര്‍ക്കാര്‍ മേഖലയിലെ ജോലി സമയം അഞ്ച് മണിക്കൂറാണ് . ജീവനക്കാര്‍ക്ക് ബന്ധപ്പെട്ട മേധാവികളുടെ അനുമതിയോടെ ‘ഫ്‌ളെക്‌സിബിള്‍’ രീതി അനുസരിച്ച് സമയം ക്രമപ്പെടുത്താവുന്നതാണ്.