മസ്കറ്റ് : ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പുതിയ അധ്യായന വർഷത്തേക്കുള്ള വിദ്യാർത്ഥികളുടെ പ്രവേശനത്തിനായുള്ള നറുക്കെടുപ്പ് നടപടികൾ പൂർത്തിയായി. മാർച്ച് 3-ന് ഇന്ത്യൻ സ്‌കൂൾ മസ്‌കറ്റിൽ നടന്ന കമ്പ്യൂട്ടർ ജനറേറ്റഡ് നറുക്കെടുപ്പിൽ തലസ്ഥാന മേഖലയിലെ  ഏഴ് ഇന്ത്യൻ സ്‌കൂളുകളിലായി 3543 അപേക്ഷകർക്ക് അഡ്മിഷൻ  അനുവദിച്ചു. ഇന്ത്യൻ സ്‌കൂൾസ് ഒമാൻ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്യത്തിന്റെ അധ്യക്ഷതയിലായിരുന്നു നറുക്കെടുപ്പ്  നടപടികൾ നടന്നത്. തലസ്ഥാന മേഖലയിലെ  ഇന്ത്യൻ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ പങ്കെടുത്ത നറുക്കെടുപ്പിൽ വൈസ് ചെയർമാൻ ഷമീർ പി.ടി.കെ., ബോർഡ് അംഗങ്ങളായ വിജയ് ശരവണൻ, അമ്പലവാനൻ, സീനിയർ പ്രിൻസിപ്പൽ, വിദ്യാഭ്യാസ ഉപദേഷ്ടാവ് വിനോബ എം.പി എന്നിവർ പങ്കെടുത്തു.

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് അവതരിപ്പിച്ച ഓൺലൈൻ രജിസ്‌ട്രേഷനോടുകൂടിയ കേന്ദ്രീകൃത പ്രവേശന സംവിധാനം,  മുഴുവൻ പ്രവേശന പ്രക്രിയയും സുഗമമാക്കി, രക്ഷിതാക്കൾക്കും സ്‌കൂളുകൾക്കും പ്രവേശനത്തിനായുളള ബാഹുല്യം മനസ്സിലാക്കാനും ഇത് സഹായകമായെന്നു ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം പറഞ്ഞു.

ഓരോ ക്ലാസിലേക്കും ലഭിച്ച പുതിയ അപേക്ഷകളുടെ എണ്ണം ഇപ്രകാരമാണ്: KG1 (1402), KG2 (458), ക്ലാസ് 1 (594), ക്ലാസ് 2 (191), ക്ലാസ് 3 (192), ക്ലാസ് 4 (152), ക്ലാസ് 5 (135) ), ക്ലാസ് 6 (126), ക്ലാസ് 7 (98), ക്ലാസ് 8 (103), ക്ലാസ് 9 (92). അപേക്ഷകരിൽ  72% പേർക്കും  അവർ തിരഞ്ഞെടുത്ത സ്കൂൾ തന്നെ ആദ്യ ചോയ്‌സ് ആയി ലഭിച്ചു.

പ്രവേശന തീയതിയെക്കുറിച്ചും അഡ്മിഷൻ സമയത്ത് സമർപ്പിക്കേണ്ട രേഖകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പ്രവേശനം ലഭിച്ച  സ്കൂളുകൾ രക്ഷിതാക്കളെ  അറിയിക്കും. രക്ഷിതാക്കൾക്ക് സൗകര്യപ്രദമാക്കുന്നതിനായി വിവിധ ക്ലാസുകളിലേക്കുള്ള പ്രവേശനം ഘട്ടംഘട്ടമായി സ്‌കൂളുകൾ വഴി നടത്തും.

ഓൺലൈൻ രജിസ്ട്രേഷൻ മാർച്ച് 18-ന് പുനരാരംഭിക്കുകയും സീറ്റ് ലഭ്യതയ്ക്കനുസരിച്ച് സ്‌കൂൾ തിരഞ്ഞെടുക്കാൻ രക്ഷിതാക്കളെ സഹായിക്കുന്ന പുതിയ ഒഴിവുകളും സൈറ്റിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്യുമെന്നും ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളുടെ ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ്  പത്രക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *