പ്രകൃതിഭംഗിയാൽ സമ്പന്നമാണ് ഒമാൻ …മലകളും, കോട്ടകളും, അരുവികളും കാവൽ നിൽക്കുന്ന സുന്ദരദേശം എന്നും കലാകാരന്മാർക്ക് പ്രചോദനവും , ആവേശവുമാണ് . ഇത്തരത്തിലുള്ള ഒമാന്റെ മനോഹര പ്രകൃതി ദൃശ്യങ്ങൾ കോർത്തിണക്കിയ ” നിറങ്ങളുടെ തരംഗം ” ( വേവ്സ് ഓഫ് കളേഴ്സ് ) എന്ന ചിത്ര പ്രദർശനത്തിന് ഒമാൻ അവന്യൂസ് മാളിൽ തുടക്കം കുറിച്ചു . ബദർ അൽ സമ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽ എം.ഡിയും ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ഡയറക്ടർ ബോർഡിലെ വിദേശ പ്രതിനിധിയുമായ അബ്ദുൽ ലത്തീഫ് ഉപ്പള ഉദ്ഘാടനം നിർവഹിച്ച ചടങ്ങിന് വലിയ ആസ്വാദക സ്വീകാര്യതയാണ് ലഭിക്കുന്നത് . രമ ശിവകുമാർ ക്യൂറേറ്റർ ആയ ചിത്രപ്രദർശനത്തിൽ ഐഷ ദോഷാനി , റെജി ചാണ്ടി , മിന റാസ്സി , മെഹ്റാൻ , നീതു ചാബ്രിയ , പാറുൽ ബി റസ്ദാൻ , മുഹമ്മദ് റാഫി , അജയൻ പൊയ്യാറ , കൃഷ്ണ ശ്യാം , കവിത വടപ്പള്ളി , റേച്ചൽ ഈപ്പൻ , സിമ്രാൻ , സുദാൻവി റായ് , രാധാകൃഷ്ണൻ , രമ ശിവകുമാർ , അനുരാധ ഷാൻബാഗ് , നിസ്സി നെഹ്റൻ , മൈക്കൽ നെറോല , എം .ഹാർട്ട്സ് എന്നീ പത്തൊൻപത് കലാകാരന്മാരുടെ അൻപതോളം ചിത്രങ്ങളും ശില്പങ്ങളും ആണ് പ്രദർശനത്തിൽ ഉള്ളത് . ഒമാനിലെ പ്രകൃതിദത്തമായ അരുവികൾ, വെള്ളച്ചാട്ടങ്ങൾ , പർവതങ്ങൾ എന്നിവയ്ക്ക് പുറമെ ഒമാനിലെ തനത് പാരമ്പര്യത്തെ ഉൾകൊള്ളുന്ന എല്ലാം ആസ്വാദകനെ പുതിയ കാഴ്ച്ചകളിലേക്കു കൂട്ടികൊണ്ടുപോകുന്നതാണ് ചിത്രപ്രദർശനം . ആസ്വാദനം എന്നതിലുപരി പ്രകൃതിയെ സംരക്ഷിക്കാനുള്ള കുറിച്ചുള്ള അവബോധം സൃഷ്ടിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ചിത്രപ്രദർശനം ഒരുക്കിയിരിക്കുന്നത് ” കല എന്നാൽ ലോകം മുഴുവനും ഉൾകൊള്ളുന്ന പര്യവേക്ഷണമാണ് , എന്നാൽ പ്രകൃതിക്കു പകരം വെക്കാൻ ഒന്നുമില്ല , അതിനാൽ പ്രകൃതി കലാകാരനെ മാത്രമല്ല ആസ്വാദകനെ കൂടി വേറൊരു സർഗാത്മകതയിലേക്കും ആസ്വാദനത്തിലേക്കും കൊണ്ടുപോകുന്നു , അതുകൊണ്ടു തന്നെ ഏതൊരു കലാകാരന്റെയും പ്രഥമ പരിഗണന പ്രകൃതിക്കു ആയിരിക്കുമെന്ന് ” ക്യൂറേറ്റർ രമ ശിവകുമാർ പറഞ്ഞു . ” ഒമാനിലെ ഒരുകൂട്ടം കലാകാരമാരുടെ അനുഭവം , ഭാവന, കഴിവ് ഇവ ഒന്നുചേരുന്ന ചിത്രപ്രദർശനം ഒമാൻ എന്ന സുന്ദര ദേശത്തെ കൂടുതൽ അറിയുവാനും, ആസ്വദിക്കുവാനും ആസ്വാദകനെ പ്രേരിപ്പിക്കുന്നു എന്നിടത്താണ് വേവ്സ് ഓഫ് കളേഴ്സ് വ്യത്യസ്തമാകുന്നത് ” എന്ന് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്ത അബ്ദുൽ ലത്തീഫ് ഉപ്പള പറഞ്ഞു കഴിവും ഫെബ്രുവരി എട്ടിന് തുടക്കം കുറിച്ച പരിപാടി ശനിയാഴ്ച സമാപിക്കും രാവിലെ എട്ട് മണി മുതൽ രാത്രി പതിനൊന്നു മണിവരെയാണ് പ്രദർശനം നടക്കുന്നത് . എൻ .എച്ച് .പി.ഇവന്റസ് ആണ് പ്രദർശനം ഏകോപിപ്പിക്കുന്നത്