സലാല ||
സലാല കെഎംസിസി യുടെ 40 മത്തെ വാർഷിക ആഘോഷം വിവിധ പരിപാടികളോടെ വിപുലമായ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.വാർഷികാഘോഷത്തിൻ്റെ ഉൽഘാടനം 2024 ഫെബ്രുവരി 9 ന് നടക്കും. തുടർന്ന് മാസങ്ങളോളം നീണ്ടുനിൽക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.1979 ൽ ചന്ദ്രിക റീഡേഴ്സ് ഫോറം എന്ന പേരിൽ മുസ്ലിം ലീഗിൻ്റെ പ്രവാസി സംഘടന ആയി പ്രവർത്തനം ആരംഭിച്ച സംഘടന 1984 ൽ കേരള മുസ്‌ലിം കൾച്ചറൽ സെൻ്റർ എന്ന പേരിൽ പ്രവർത്തനം ഈർജിതപെടുത്തി.
40 വർഷത്തിലധികമായി സലാലയിലെ പൊതു രംഗത്തും സാമൂഹിക,സാംസ്കാരിക രംഗത്തും സജീവമായി പ്രവർത്തിക്കുന്ന കെഎംസിസി കാരുണ്യ പ്രവർത്തനത്തിന് ഊന്നൽ നൽകിയാണ് മുന്നോട്ട് പോകുന്നത്. 4000 ൽ അധികം വരുന്ന അംഗങ്ങളാണ് ഇന്ന് സലാല കെഎംസിസിക്കുള്ളത്.17 ഏരിയ കമ്മറ്റികളും 6 ജില്ലാ കമ്മറ്റികളും സലാല കെഎംസിസി കേന്ദ്ര കമ്മറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സലാലയിലെ പൊതു വിഷയങ്ങളിൽ ഇടപെടുന്നതിലും മറ്റു പ്രവാസി സംഘടനകളെ ഒന്നിച്ചിരുത്തി മുന്നോട്ട് കൊണ്ട് പോകുന്നതിനും സലാല കെഎംസിസി മുഖ്യ പങ്ക് വഹിച്ചുവരുന്നതായും ഭാരവാഹികൾ പറഞ്ഞു.നാലപ്പതാം വാർഷിക പരിപാടിയുടെ ലോഗോ പൊതു സമൂഹത്തിൽ നിന്നും ക്ഷണിക്കുകയും സെലക്ട് ചെയ്ത ലോഗോ പ്രകാശനം സലാലയിലേ പൗര പ്രമുഖൻ അബ്ദുൽ ഗഫൂർ കഴിഞ്ഞ ദിവസം നിർവഹിക്കുകയും ചെയ്തു. നാൽപ്പതാം വാർഷികാഘോഷത്തിൻ്റെ ഉൽഘാടനം 2024 ഫെബ്രുവരി 9 ന് കെഎംസിസി കുടുംബ സംഗമവും വിവിധ കലാ കായിക പരിപാടികളോടെയും നടത്തുകയാണ്. ഉൽഘാടന പരിപാടിയുടെ പോസ്റ്റർ കെഎംസിസി മുൻ നേതാക്കളായ ഹുസൈൻ കാച്ചചിലോടി,അബ്ദുൽ കലാം എന്നിവർ ചേർന്ന് പ്രകാശനം നിർവ്വഹിച്ചു.
വനിത ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാഹിന നിയാസ് കുടുംബ സംഗമത്തിൽ മുഖ്യാഥിതിയായി പങ്കെടുക്കും. മാസങ്ങളോളം നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് കേന്ദ്ര,ജില്ലാ,ഏരിയ കമ്മറ്റികൾ ഇതിൻറെ ഭാഗമായി നടത്താൻ ആസൂത്രണം ചെയ്തിട്ടുള്ളത്. റഷീദ് കല്പറ്റ ചെയർമാനും സൈഫുദ്ദീൻ അലിയമ്പത് ജനറൽ കൺവീനറും അബ്ദുൽ സലാം ഹാജി ഫിനാൻസ് കമ്മറ്റി ചെയർമാനും മുസ്തഫ ഫലൂജ കോ – കൺവീനറും ആയി 41 അംഗ കമ്മറ്റി രൂപീകരിച്ചു. വാർഷിക പരിപാടിയുടെ സമാപനം പ്രമുഖ നേതാക്കളെയും സാംസ്കാരിക നായകരെയും പങ്കെടുപ്പിച്ചുകൊണ്ട് വിവിധ പരിപാടികളോടെ നടത്തുമെന്ന് സലാല കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡൻ്റ നാസർ പെരിങ്ങത്തൂർ ജനറൽ സെക്രട്ടറി ഷബീർ കാലടി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു.
