മസ്കറ്റ് ||
ഏകീകൃത ജിസിസി ടൂറിസം വിസ യാഥാർഥ്യമാകാൻ ഒരുങ്ങുമ്പോൾ സുൽത്താനേറ്റിൽ നിന്ന് അയൽ രാജ്യങ്ങളിലേക്കുള്ള കര ഗതാഗത സംവിധാനങ്ങൾ വിപുലീകരിക്കുന്നത് പൗരന്മാർക്കും താമസക്കാർക്കും കുറഞ്ഞ നിരക്കിലുള്ള യാത്രാ സൗകര്യത്തിനുള്ള അവസരം നൽകും.മസ്‌കത്തിൽ നിന്ന് ഇബ്രി വഴി സഊദി നഗരങ്ങളിലേക്ക് സർവീസ് നടത്താൻ സ്വകാര്യ കമ്പനിയാണ് രംഗത്തുള്ളതെന്നാണ് റിപ്പോർട്ടുകൾ.. ഒമാനിലെ ഔദ്യോഗിക മാധ്യമമാണ് ഇത് സംബന്ധിച്ച
വാർത്തകൾ പുറത്തുവിട്ടത്. എംപ്റ്റി ക്വാർട്ടർ മരുഭൂമി റോഡ് ഉപയോഗിച്ച് ആവും ബസ് സർവീസുകൾ ഉണ്ടാകുക. ജിസിസി ഏകീകൃത ടൂറിസം വിസ യാഥാർഥ്യമാകാൻ ഒരുങ്ങുമ്പോൾ ചിലവുകുറഞ്ഞ യാത്രാമാര്ഗങ്ങളും കൂടി ഒരുങ്ങുന്നത് ഒമാനും അയൽ രാജ്യങ്ങളും തമ്മിലുള്ള യാത്ര കൂടുതൽ സുഗമവും ജനകീയവും ആകുമെന്നാണ് കണക്കു കൂട്ടുന്നത്. നിലവിൽ ജിസിസി രാജ്യങ്ങളിലേക്കുള്ള ഫ്ലൈറ്റ് ചാർജുകൾ വളരെ ചെലവേറിയതാണ് കുറഞ്ഞ ദൂരത്തേക്ക് പോലും വിമാന നിരക്ക് അമിതമായതിനാൽ, ജിസിസിക്കുള്ളിലെ ഹ്രസ്വ യാത്രകൾക്ക് ഏത് പുതിയ ബദൽ ഓപ്ഷനുകളും എപ്പോഴും സ്വാഗതം ചെയ്യപ്പെടും. ഒമാൻ യുഎഇയുമായും സൗദി അറേബ്യയുമായും കര അതിർത്തി പങ്കിടുന്നു എന്നതിനാൽ ഈ രാജ്യങ്ങളിലേക്കുള്ള ബസ് സർവീസുകൾ കൂടുതൽ ജനകീയമാകും. ഉംറ തീർഥാടനം ഉൾപ്പെടെ സഊദിയിലേക്ക് വിവിധ ആവശ്യങ്ങൾക്കായി സഞ്ചരിക്കുന്നവർക്ക് ഏറെ ഗുണകരമാകും ബസ് യാത്രാ സംവിധാനം. നിലവിൽ ഉംറ സംഘങ്ങൾ എംപ്റ്റി കാർട്ടർ മരുഭൂമി റെഡ് വഴി ചാർട്ടേഡ് ബസ് സർവീസുകൾ ഉപയോഗിച്ച് യാത്ര ചെയ്യുന്നുണ്ട്. നിലവിൽ ഒമാനും യു എ ഇക്കും ഇടയിൽ വിവിധ റൂട്ടുകളിലായി ദേശീയ കമ്പനിയുടെയും സ്വകാര്യ കമ്പനിയുടെയും ബസ് സർവീസുകളുണ്ട്. പുതിയ സർവീസുകളും ഉടൻ ആരംഭിക്കാനും പദ്ധതിയുണ്ട്. ഒമാൻ നഗരമായ സോഹാറിനും അബുദാബിക്കുമിടയിൽ പുരോഗമിക്കുന്ന പാസഞ്ചർ, ചരക്ക് റെയിൽ ശൃംഖല യാഥാർഥ്യമാകുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലുള്ള യാത്രാ സംവിധാനം കൂടുതൽ സുഗമമാക്കും. ഇതേ മാതൃകയിൽ അതിർത്തി വഴി സഊദിയിലേക്ക് കൂടി ബസ് സർവീസ് ആരംഭിക്കാനാണ് പദ്ധതി.സൗദിയിലേക്കുള്ള യാത്രാ ദൂരം കൂടുതൽ ആയതിനാൽ ഈ യാത്രയിൽ വെല്ലുവിളികളും ഏറെയാണ്. ഇവകൾ കൂടി പരിശോധിച്ചാകും ബസ് സർവീസ് തുടങ്ങുക സർവീസ് തുടങ്ങുന്ന തീയതിയും ടിക്കറ്റ് നിരക്കും യാത്രാ റൂട്ടും ഉൾപ്പെടെയുള്ള വിഷയത്തിൽ ഉടൻ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.