മസ്കറ്റ് ||

ഇന്ത്യൻ പാസ്പോര്ട്ട് ഉടമകൾക്ക് ഒമാനിലേക്ക് യാത്രചെയ്യാൻ വിസ വേണ്ട എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ സത്യമല്ലെന്ന് റോയൽ ഒമാൻ പോലീസ് വ്യക്തമാക്കി. ഇന്ത്യൻ പാസ്സ്പോർട്ടിന്റെ റാങ്കിങ് ഉയർന്നെന്നും ഇന്ത്യക്കാർക്ക് ഇനി ഖത്തറിലേക്കും ഒമാനിലേക്ക് വിസ രഹിത യാത്ര സാധ്യമാണെന്നും സമൂഹ മാധ്യമങ്ങളിൽ പ്രചാരണം ശക്തമായിരുന്നു. റോയൽ ഒമാൻ പോലീസിലെ പബ്ലിക് റിലേഷൻസ് ഡയറക്ടർ മേജർ മുഹമ്മദ് അൽ ഹാഷ്മി ഒമാനിലെ ഒരു പ്രാദേശിക മാധ്യമത്തോടാണ് ഈ വിഷയത്തോട് സംസാരിക്കവെ ഇന്ത്യക്കാർക്ക് ഒമാനിലേക്ക് യാത്ര ചെയ്യാനുള്ള വിസ നിയമത്തിൽ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് വ്യക്തമാക്കിയത്. ഇന്ത്യക്കാർക്ക് വിസ ഫ്രീ എൻട്രി അല്ലെങ്കിൽ വിസ ഓൺ അറൈവൽ വാഗ്ദാനം ചെയ്യുന്ന 62 രാജ്യങ്ങളിൽ രണ്ട് ജിസിസി രാജ്യങ്ങൾ ഉണ്ടെന്നും, ഖത്തറും ഒമാനും ആണ് ഈ ജി സി സി രാജ്യങ്ങൾ എന്നും മലയാളത്തിലെ മുൻ നിര മാധ്യമങ്ങളിലടക്കം വാർത്തകൾ വന്നിരുന്നു. ചില ഓൺലൈൻ പോർട്ടലുകളും ഈ വാർത്തകൾ ഏറ്റെടുത്തു. ഈ വാർത്തകളുടെ സ്ക്രീൻ ഷോട്ടുകൾ സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. ഈ അവസരത്തിലാണ് ഒമാനിലെ പ്രമുഖ പ്രാദേശിക മാധ്യമം റോയൽ ഒമാൻ പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകൾ ഉദ്ധരിച്ചു ഈ വിഷയത്തിൽ വ്യക്തത വരുത്തിയത്. ഇന്ത്യൻ പാസ്‌പോർട്ടുകളുടെ മെച്ചപ്പെട്ട റാങ്കിംഗിനെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകളെ തുടർന്നാണ് വിസ രഹിത പ്രവേശനവുമായി ബന്ധപ്പെട്ട കഥകൾ ആരംഭിച്ചത്. ലോകത്തിലെ ഏറ്റവും യാത്രാ സൗഹൃദ പാസ്‌പോർട്ടുകളുടെ റാങ്ക് നൽകുന്ന ഹെൻലി പാസ്‌പോർട്ട് സൂചിക, 2024 ലെ ലിസ്റ്റ് പുറത്തിറക്കിയപ്പോൾ ഇന്ത്യ റാങ്കിംഗ് മെച്ചപ്പെടുത്തുകയും മുൻ വർഷത്തെ 84 റാങ്കിംഗിൽ നിന്ന് 80-ാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തിരുന്നു. നിലവിൽ, ഇന്ത്യൻ പാസ്‌പോർട്ട് കൈവശമുള്ളവർക്ക് 62 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനമുണ്ട്. എന്നിരുന്നാലും, ഒമാനിലെത്തുമ്പോൾ വിസ ആവശ്യമെന്നു മുൻ നിയമത്തിൽ മാറ്റമൊന്നുമില്ല. അതെ സമയം യുഎസ്, കനേഡിയൻ അല്ലെങ്കിൽ യൂറോപ്യൻ വിസകളുള്ള ഇന്ത്യക്കാർക്ക് വിസ ഓൺ അറൈവൽ ലഭ്യമാണോ എന്ന ചോദ്യത്തിന് യൂറോപ്യൻ അല്ലെങ്കിൽ അമേരിക്കൻ റെസിഡൻസിയുള്ള ഇന്ത്യൻ പൗരന്മാർക്കും കനേഡിയൻ റെസിഡൻസി ഉടമകൾക്കും14 ദിവസത്തേക്ക് സൗജന്യമായി വിസ ഓൺ അറൈവൽ
സംവിധാനത്തിലൂടെ ഒമാനിലേക്ക് പ്രവേശിക്കാമെന്നും അൽ ഹാഷ്മി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *