മസ്ക്കറ്റ്: ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ ഹൃദയപൂർവ്വം തൃശ്ശൂർ 2024 ന്റെ ഭാഗമായി റൂവി ടർഫിൽ നടത്തിയ കായികമൽസരങ്ങളിൽ ക്രിക്കറ്റിൽ വിസിസി വലപ്പാടും, ഫുട്ബോളിൽ അഞ്ചേരി ബ്ലാസ്റ്റേഴ്സും ചമ്പ്യാന്മാരായി.
തൃശ്ശൂർ ജില്ലയുടെ പ്രാദേശിക നാമങ്ങളിൽ ക്രിക്കറ്റിലും ഫുട്ബോളിലുമായി എട്ടു വീതം ടീമുകളാണു മൽസരത്തില്‍ പങ്കെടുത്തത്.
ക്രിക്കറ്റ് ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത അഞ്ചേരി ബ്ലാസ്റ്റേഴ്സ് ഉയർത്തിയ 5 ഓവറിൽ 25 റൺസ് എന്ന വിജയലക്ഷ്യം 3.5 ഓവറിൽ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ വിസിസി വലപ്പാട് അനായാസവിജയത്തോടെ ടൂർണമെന്റിലെ ജേതാക്കളാവുകയായിരുന്നു.
ക്രിക്കറ്റിൽ മികച്ച കളിക്കാരൻ, മികച്ച ബൗളർ പുരസ്ക്കാരം എന്നിവ വിസിസി വലപ്പാടിന്റെ അനീറും, മികച്ച ബാറ്റ്സ്മാൻ അഞ്ചേരി ബ്ലാസ്റ്റേഴ്സിന്റെ ജെബിനും, ഫൈനലിലെ മികച്ച കളിക്കാരനായി വിസിസി വലപ്പാടിൻറെ സന്തോഷും അർഹരായി. ക്രിക്കറ്റ് മത്സരങ്ങൾ സുനീഷ് ഗുരുവായൂരും,ഹസ്സൻ കേച്ചേരിയും നിയന്ത്രിച്ചു.
ഫുട്ബോൾ ഫൈനലിൽ ഏറ്റുമുട്ടിയ പൾസ് എഫ്സി കൊടകരയും അഞ്ചേരി ബ്ലാസ്റ്റേഴ്സ് മൽസരം ഗോൾ രഹിത സമനിലയിൽ പിരിഞ്ഞപ്പോൾ മൽസരം പെനാൾറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങി. ഷുട്ടൗട്ടിൽ അഞ്ചേരി ബ്ലാസ്റ്റേഴ്സ് വിജയികളായി.
ഫുട്ബോളിൽ ടോപ്പ് സ്കോറർ ആയി എഫ്സി വാടാനപ്പള്ളിയുടെ സുദേവും, മികച്ച കളിക്കാരനായി പൾസ് എഫ്സി കൊടകരയുടെ നവീനും, ഡിഫന്ററായി പള്‍സ് എഫ്സി കൊടകരയുടെ തന്നെ സന്ദീപും, മികച്ച ഗോൾ കീപ്പർ ആയി അഞ്ചേരി ബ്ലാസ്റ്റേഴ്സിലെ റിഷാദും അർഹരായി. ഫുട്ബോൾ മത്സരങ്ങൾ ഗംഗാധരൻ കേച്ചേരിയും, ഫിറോസ് തിരുവത്രയും നിയന്ത്രിച്ചു.
വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും ഒമാന്‍ തൃശ്ശൂര്‍ ഓര്ഗനൈസേഷന് ഭാരവാഹികള്‍ നൽകി.
ഒരുപാട് മികച്ച പ്രതിഭകളെ കണ്ടെത്താൻ ഈ കായിക മേളകൊണ്ട് കഴിഞ്ഞു എന്നും, വരും വർഷങ്ങളിൽ ഇതിലും മികച്ച രീതിയിൽ വിപുലമായി കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി കായിക മേള നടത്തുമെന്നും ഒമാന്‍ തൃശ്ശൂര്‍ ഓര്ഗനൈസേഷന് സ്പോട്സ് സംഘാടക സമിതി അറിയിച്ചു.