മസ്കറ്റ് :
ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം വനിതാ വേദിയുടെ നേതൃത്വത്തിൽ മാനസിക സമ്മർദ്ദം എങ്ങനെ ലഘൂകരിക്കാം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വനിതാ വിഭാഗം സെക്രട്ടറി ശ്രീജ രമേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കൺവീനർ സന്തോഷ് കുമാർ അദ്ധ്യക്ഷനായിരുന്നു. ഗൂബ്രയിലെ അൽ ഹയാത്ത് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റും വിമൻ ഐ എം എ എക്സിക്യൂട്ടിവ് അംഗവുമായ ഡോക്ടർ ഷിഫാന ആറ്റൂർ വിഷയം അവതരിപ്പിച്ച് സംസാരിച്ചു. ഇക്കാലത്ത് വീട്ടകങ്ങളിലെ മാനസിക സമ്മർദ്ദം സ്ത്രീകളിൽ മാത്രമല്ല കുടുംബത്തിലെ എല്ലാവരിലും കണ്ടു വരുന്നുണ്ടെന്നും അതിൽ നിന്നും മോചനം നേടാനുള്ള വഴി പരസ്പരം സംസാരിക്കുകയും അവസരങ്ങൾ ഉണ്ടാക്കി മാനസികോല്ലാസപ്രദമായ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്യുക എന്നതാണെന്ന് ഡോക്ടർ സൂചിപ്പിച്ചു.
സെമിനാറിനോടനുബന്ധിച്ച് നടന്ന കേക്ക് മേളയിലും മത്സരത്തിലും പതിനഞ്ച് പേർ പങ്കെടുത്തു. ലസിത സുനിൽകുമാർ, ജനിത ലക്ഷ്മി, ഷിൽന ഷൈജിത്ത് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. മാർഗ്ഗംകളി, ക്രിസ്തുമസ് ക്വയർ തുടങ്ങി വിവിധ കലാപരിപാടികളും അരങ്ങേറി. ഇരുന്നൂറോളം അംഗങ്ങൾ സെമിനാറിൽ പങ്കെടുത്തു.