മസ്കറ്റ് ||
തൊഴിൽ ഉടമ ശമ്പളം നൽകാത്തതിനെ തുടർന്ന് കേസിനു പോയ മലയാളികൾക്ക് ശമ്പള കുടിശിക ഉൾപ്പെടെ നഷ്ടപരിപാരം നൽകാൻ മസ്കറ്റ് കോടതിയുടെ വിധി. മസ്കറ്റിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പിന്റെ സ്റ്റാഫുകൾക്ക് തുടർച്ചയായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തൊഴിൽ മന്ത്രാലയം വഴി സെറ്റിൽമെന്റിനുള്ള ശ്രമം നടത്തി ഫലം ലഭിക്കാതെ വന്നതിനെ തുടർന്നാണ് അഭിഭാഷകരായ അഡ്വ എം.കെ പ്രസാദ് അഡ്വ രസ്നി എന്നിവർ മുഖാന്തിരം കോടതിയെ സമീപിച്ചത്. തുടർച്ചയായി രണ്ട് മാസം ശമ്പളം കൊടുത്തില്ലെങ്കിൽ അൺഫെയർ ടെർമിനേഷനായി കണക്കാക്കാമെന്നും അതിനിരയായ തൊഴിലാളിക്ക് 12 മാസംവരെയുള്ള മൊത്ത ശമ്പളവും കൂടാതെ ഗ്രാറ്റുവിറ്റി ലീവ് സാലറി എന്നിവയും നൽകാമെന്ന ലേബർലോ 53/2023 ലെ നിയമപ്രകാരമായിരുന്നു കോടതി വിധി. ഇന്നലെ വന്ന 6 പേരുടെ വിധിയിൽ മാത്രം 180000 (ഒരു ലക്ഷത്തി എൺപതിനായിരം) ഒമാനി റിയാൽ ഏകദേശം *3.88 കോടി ഇന്ത്യൻ രൂപ* നൽകാൻ ആണ് കോടതി വിധിച്ചത്. ഇനിയും ഈ സ്ഥാപനത്തിനെതിരെ കേസുകൾ നടക്കുന്നുണ്ടെന്നും അതിന്റെയൊക്കെ വിധികൾ വരുവാനു ണ്ടെന്നും അഡ്വ എം.കെ പ്രസാദ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തൊഴിലാളികളുടെ ന്യായമായ ആവശ്യം അറിഞ്ഞ് പുതിയ തൊഴിൽനിയമപ്രകാരമുള്ള വിധിയിൽ സന്തോഷവും തൊഴിലാളികളെ നിയമപരിധിയിൽ നിന്ന് സപ്പോർട്ട് ചെയ്യാൻ കഴിഞ്ഞതിലും സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.