മസ്‌കത്ത് | ഒമാനിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയാക്കിയ അനീഷ് അൻവർ സംവിധാനം ചെയ്യുന്ന സർവൈവൽ ത്രില്ലർ ചിത്രം “രാസ്ത’ റിലീസിനൊരുങ്ങുന്നു. ഒമാനികളും മസ്‌കത്തിലെ മലയാളി മാധ്യമ പ്രവർത്തകരും മലയാളി കലാകാരന്മാരും “രാസ്ത’യിൽ അഭിനേതാക്കളായി എത്തുന്നുണ്ട്. ഇബ്രയിൽ നിന്നാരംഭിച്ച് റുബുഉൽ ഖാലി മരുഭൂമിയിലുമായാണ് ചിത്രത്തിന്റെ പ്രസക്ത ഭാഗങ്ങൾ ചിത്രീകരിച്ചത്. സർജാനോ ഖാലിദ്, അനഘ നാരായണൻ, ആരാധ്യ ആൻ, സുധീഷ്, ഇർഷാദ് അലി, ടി ജി രവി, അനീഷ് അൻവർ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. കേരളത്തിൽ നിന്നുള്ള താരങ്ങൾക്കൊപ്പം നിരവധി ഒമാനി കലാകാരൻമാർക്കും ചിത്രത്തിൽ അവസരം നൽകിയിട്ടുണ്ട്. ഒമാനിലെ മലയാളി മാധ്യമ പ്രവർത്തകരായ മുഹമ്മദ് ഇഖ്ബാൻ, രാലിഷ് എം രാധാകൃഷ്ണൻ, ഷൈജു മേടയിൽ എന്നിവരും ചിത്രത്തിലെ വിവിധ രംഗങ്ങളിൽ സ്‌ക്രീനിൽ എത്തുന്നു. ഒമാനിൽ നിന്നുള്ള നിരവധി മലയാളി താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമിക്കുന്ന “രാസ്ത’യുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. അവിൻ മോഹൻ സിതാരയാണ് രാസ്തയിലെ സംഗീത സംവിധാനം. ജനുവരി അഞ്ചിനാണ് ചിത്രത്തിന്റെ റിലീസ്.

Leave a Reply

Your email address will not be published. Required fields are marked *