മസ്കറ്റ് :
ഒമാനിൽ വൈദ്യുതി ബില്ലുകൾ കുത്തനെ ഉയർന്നതായുള്ള ഉപയോക്താക്കളുടെ പരാതികളിൽ പ്രതികരണവുമായി “നാമ’ വൈദ്യുത വിതരണ കമ്പനി. ദേശീയ ഇലക്ട്രിസിറ്റി സബ്‌സിഡി പ്രോഗ്രാം അനുസരിച്ച് ഓരേ ഉപഭോക്താവിനും അവരുടെ അടിസ്ഥാന നിരക്കിന്റെ 30 ശതമാനം സബ്‌സിഡിയായി ലഭിക്കുമെന്നും നമ വ്യക്തമാക്കി. ഒമാനിൽ ചൂട് കാലത്ത് വൈദ്യുതി ബില്ലുകൾ കുത്തനെ വർധിച്ചതിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഒമാനിലെ ഇലക്ട്രിസിറ്റി സംയോജിത കമ്പനിയായ നാമ വിശദീകരണവുമായി രംഗത്ത് വന്നത്. ഓരോ ഉപഭോക്താവും അവരുടെ രണ്ട് അക്കൗകളിലേക്ക് സർക്കാർ സബ്‌സിഡി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനായി വ്യക്തിഗത ഉപഭോഗ വിവരങ്ങൾ പുതുക്കണമെന്നും അതിലൂടെ അമിത നിരക്ക് തടയാമെന്നും നമാ വിശദീകരിക്കുന്നു. എസ എം എസിലൂടെ വ്യക്തിഗത വിവരങ്ങൾ പുതുക്കാനുള്ള സംവിധാനമുണ്ട്. ഒരു കിലോവാട്ടിന് സബ്‌സിഡി നിരക്ക് ആയ 10 ബൈസക്ക് സ്വദേശികൾ അർഹരാണ്. എന്നാൽ വിവരങ്ങൾ പരിഷ്‌കരിക്കാത്തതിനാലാണ് 14 മുതൽ 22 ബൈസ വരെ അടക്കേണ്ടി വരുന്നത്. വേനൽക്കാലത്ത് അസാധാരണ വിധമാണ് ബില്ലുകൾ ഉയരുന്നതെന്ന് സാമൂഹിക മാധ്യമങ്ങളിൽ സജീവമായ സ്വദേശികൾ ചൂണ്ടിക്കാട്ടുന്നു. ഉയർന്ന ഉപഭോഗം നിയന്ത്രിക്കാൻ പദ്ധതികൾ തയ്യാറാക്കുകയും ബില്ലിംഗ് പ്രക്രിയ ലഘൂകരിക്കുകയും വേണമെന്നാണ് സ്വദേശികളുടെ ആവശ്യം. അപ്പാർട്ട്‌മെന്റ്, പാർപ്പിട ഉടമസ്ഥരുടെ സാമ്പത്തിക പ്രയാസം പരിഹരിക്കാൻ സഹായവും പണമടവ് പദ്ധതികളും വേണമെന്നും പൗരന്മാർ സാമൂഹ്യ മാധ്യമങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്.