മസ്കത്ത് : ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ ഒക്ടോബർ മുതൽ ഒന്ന് മുതൽ ഇന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ റദ്ദാക്കി.
തിരുവനന്തപുരം, ലക്ക്നൗ, ജൈപ്പൂർ സെക്ടറുകളിലേക്കാണ് നിലവിൽ സലാം എയറിന്റെ ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള സർവീസുകൾ.
കോഴിക്കോട്ടേക്ക് കണക്ഷൻ സർവീസുകളും നടത്തിവരുന്നുണ്ട്.
ഒക്ടോബർ ഒന്ന് മുതൽ ഈ റൂട്ടുകളിൽ വിമാനങ്ങൾ ലഭ്യമല്ല.
നേരത്തെ ബുക്ക് ചെയ്ത യാത്രക്കാർക്കുള്ള ടിക്കറ്റുകൾ റീ ഫണ്ട് ചെയ്യുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം.
ഇതിനോടകം ഇഷ്യു ചെയ്ത ടിക്കറ്റ് ഉടമകൾക്ക് സർവീസുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് സന്ദേശം ലഭിച്ചിട്ടുണ്ട്. ടിക്കറ്റ് റീ ഫണ്ട് ലഭിക്കുന്നതിന് സലാം എയറിനെയോ ടിക്കറ്റ് എടുത്തിട്ടുള്ള അംഗീകൃത ഏജൻസികളെയോ ബന്ധപ്പെടാവുന്നതാണ്.
സലാം എയർ അടുത്തിടെ പ്രഖ്യാപിച്ച ഒക്ടോബർ ഒന്ന് മുതൽ കോഴിക്കോട്ടേക്കുള്ള പുതിയ സർവീസും റദ്ദാക്കിയവയിൽ പെടുന്നു.
പ്രവാസികൾക്ക് ഏറെ ആശ്വാസകരമായിരുന്ന സലാം എയർ വിമാനങ്ങൾ റദ്ദാക്കുന്നത് തിരിച്ചടിയാണ്.
സർവീസുകൾ കുറയുന്നതോടെ ടിക്കറ്റ് നിരക്കുകൾ ഉയരാൻ ഇത് കാരണമാകും.
തിരുവനന്തപുരം, ജൈപ്പൂർ, ലക്ക്നൗ സെക്ടറുകളിലേക്ക് 40 റിയാലിൽ താഴെ മാത്രമായിരുന്നു ടിക്കറ്റ് നിരക്ക്. സലാം എയർ സർവീസ് അവസാനിപ്പിക്കുന്നതോടെ മറ്റു വിമാന കമ്പനികൾ നിരക്കുയർത്തിയേക്കും.
അടുത്തിടെ യൂറോപ്പിലേക്കുൾപ്പെടെ പുതിയ സർവീസുകൾ ആരംഭിച്ച സലാം എയർ ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നതിന് കാരണം വ്യക്തമല്ല.
സാധരണക്കാരായ പ്രവാസികൾ ഏറെ ആശ്രയിച്ചിരുന്ന സലാം എയർ വിമാനങ്ങൾ കൂടി ഇല്ലാതാകുന്നത് തിരിച്ചടിയാകുമെന്ന് മലയാളികൾ പറയുന്നു.
അടുത്ത മാസങ്ങളിലേക്ക് ടിക്കറ്റെടുത്തിരുന്ന മുഴുവൻ ആളുകൾക്കും ടിക്കറ്റുകൾ റീ ഫണ്ട് ചെയ്യുന്നതിനുള്ള നടപടികൾ പുരോഗമിക്കുയാണെന്ന് ട്രാവൽ ഏജൻസികളും പറയുന്നു. സർവീസുകൾ റദ്ദാകുന്നത് സംബന്ധിച്ച് ഏജൻസികൾക്കും സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.