ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒമാൻ ഉപ പ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് ഇന്ത്യയിലെത്തി. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിന്റെ പ്രതിനിധിയായിട്ടാണ് സയ്യിദ് അസദ് ബിൻ താരിഖ് ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ഒമാന്റെ ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്‌സ് ഉപപ്രധാനമന്ത്രിയും ഒപ്പം ഒമാൻ ഭരണാധികാരിയുടെ വ്യക്തിഗത പ്രതിനിധിയുമാണ് സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ്.
ഇന്ത്യ ആതിഥ്യം വഹിക്കുന്ന പതിനെട്ടാമത് ജി-20 നേതൃതല ഉച്ചകോടി നാളെയാണ് ഡല്‍ഹിയില്‍ ആരംഭിക്കുക. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ജി-20 നേതൃതല ഉച്ചകോടിയിലേക്കുള്ള ഒമാനിൽ നിന്നുമുള്ള സംഘത്തെയാണ് സയ്യിദ് അസദ് ബിൻ താരിഖ് നയിക്കുക. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി, സാമ്പത്തിക മന്ത്രി ഡോ. സെയ്ദ് മുഹമ്മദ് അൽ സഖ്രി, വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന വകുപ്പ് മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫ്, ഇന്ത്യയുടെ ഒമാൻ അംബാസഡർ ഇസ സലേഹ് അൽ ഷൈബാനി,വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിലെ വിദേശ വ്യാപാരത്തിനും അന്താരാഷ്ട്ര സഹകരണത്തിനുമുള്ള ഉപദേഷ്ടാവ് പങ്കജ് ഖിംജി, സയ്യിദ് അസദിന്റെ ഓഫീസിലെ ഉപദേശകർ എന്നിവരടങ്ങുന്ന ഔദ്യോഗിക പ്രതിനിധി സംഘമാണ് സയ്യിദ് അസദിനെ അനുഗമിക്കുന്നത്.
ഒമാൻ വാർത്താ വിതരണ വകുപ്പ് മന്ത്രി ഡോ. അബ്ദുല്ല നാസർ അൽ ഹറാസി, സാംസ്‌കാരിക വിനോദ സഞ്ചാര മന്ത്രി സലിം മുഹമ്മദ് അൽ മഹ്‌റൂഖി, ഊർജ ധാതു വകുപ്പ് മന്ത്രി സലിം നാസർ അൽ ഔഫി, എൻഡോവ്‌മെന്റ് മതകാര്യ മന്ത്രി ഡോ. മുഹമ്മദ് സെയ്ദ് അൽ മഅമരി, ഒമാനിലെ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗ്, സെക്രട്ടറി ജനറൽ സെയ്ഫ് മുഹമ്മദ് അൽ അബ്രി എന്നിവർ സയ്യിദ് അസദിനെയും അദ്ദേഹത്തെ അനുഗമിക്കുന്ന സംഘത്തെയും യാത്ര അയക്കുവാൻ വിമാനത്താവളത്തിലെത്തിയിരുന്നു. ന്യൂഡൽഹിയിലെ പ്രഗതി മൈതാനിലെ ഭാരത് മണ്ഡപം ഇന്റർനാഷണൽ എക്‌സിബിഷൻ-കൺവെൻഷൻ സെന്ററിലാണ് ഉച്ചകോടി സമ്മേളനം നടക്കുന്നത്. ഇന്ത്യയിലും ദക്ഷിണേഷ്യയിലും നടക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണിത്.


