ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ കോഴിക്കോട് – മസ്കത്ത് റൂട്ടിൽ പ്രതിദിന സർവ്വീസ് ആരംഭിക്കുന്നു. ഒക്ടോബർ ഒന്ന് മുതൽ പുതിയ സർവ്വീസ് ആരംഭിക്കും. സർവ്വീസിനുള്ള ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
ഒമാൻ സമയം രാതി പത്തു ഇരുപതിന് മസ്കറ്റിൽ നിന്നും പുറപ്പെടുന്ന സലാം എയർ വിമാനം പുലർച്ചെ മൂന്നു ഇരുപതിന് കോഴിക്കോട് എത്തും. പുലർച്ചെ നാല് ഇരുപതിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന വിമാനം രാവിലെ ആറ് പതിനഞ്ചിനു മസ്കറ്റിലും തിരിച്ചെത്തുന്ന വിധത്തിലാണ് സലാം എയറിന്റെ പുതിയ പ്രതിദിന സർവീസ് ക്രമീകരിച്ചിട്ടുള്ളത്. നിലവിൽ ഒമാൻ എയർ മസ്കത്ത്- കോഴിക്കോട് റൂട്ടിൽ രണ്ട് പ്രതിദിന സർവ്വീസുകൾ നടത്തുന്നുണ്ട്. ഇതു കൂടാതെ എയർഇന്ത്യ എക്സ്പ്രസ്സിന്റെ ഒരു സർവ്വീസും ഇതേ റൂട്ടിലുണ്ട്. ഇതു കൂടാതെയാണ് സലാം എയർ കൂടി ഇതേ പാതയിൽ സർവ്വീസ് ആരംഭിക്കുന്നത് മലബാർ മേഖലയിൽ നിന്നുള്ള യാത്രക്കാർക്ക് ഏറെ ഗുണകരമാകും. മസ്കത്തിൽ നിന്നും വിവിധ ജി സി സി രാജ്യങ്ങളിലേക്ക് സലാം എയറിന്റെ കണക്ഷൻ സർവ്വീസുകൾ ലഭ്യമാണ്. അതുകൊണ്ട് തന്നെ ഒമാനിലെ പ്രവാസികളെ കൂടാതെ ഇതര ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്കും ഉംറ തീർത്ഥാടകർക്കും ഉപകാരപ്രദമാകുന്നതാണ് മസ്കത്തിലേക്കുള്ള ഈ സർവ്വീസ്. ഒമാനിലെ സലാല, യു എ ഇയിലെ ഫുജൈറ, സൗഊദിയിലെ ജിദ്ദ, മദീന, റിയാദ്, ദമാം തുടങ്ങിയ നഗരങ്ങളിലേക്കും സലാം എയറിന്റെ കണക്ഷൻ ഫ്ളൈറ്റുകൾ ലഭ്യമാണ്.