ദുബൈയിൽ നിന്നും കസബിലേക്ക് പോവുകയായിരുന്ന ഹെവി പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു എം ബി ബി എസ് വിദ്യാർത്ഥി മരിച്ചു. കണ്ണൂർ കുടുക്കിമൊട്ട സ്വദേശി റാഹിദ് മുഹമ്മദ് റഫീഖ് (20 ) ആണ് മരിച്ചത്. ഈജിപ്തിൽ എം ബി ബി എസിനു പഠിക്കുന്ന റാഹിദ് ഒരാഴ്ച മുമ്പ് കസബിൽ ജോലി ചെയ്യുന്ന പിതാവിന്റെ അടുത്ത് വന്നതായിരുന്നു. പിതാവിന്റെ സഹോദരി പുത്രനോടൊപ്പം ഹെവി പിക്കപ്പ് വാഹനത്തിൽ ദുബൈയിൽ പോയി മടങ്ങി വരവെ ഞായറാഴ്ച പുലർച്ചെ പന്ത്രണ്ടര മണിയോടെയാണ് കസബിൽ നിന്നും ഏതാണ്ട് പത്തു കിലോമീറ്റർ അകലെ ഹറഫിൽ വച്ച് അപകടം നടന്നത്. ഇവർ സഞ്ചരിച്ച പിക്കപ്പ് വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.റോഡിൽ തെറിച്ചു വീണ റാഹിദ് അപകട സ്ഥലത്തു വെച്ച്തന്നെ മരണപ്പെട്ടു. റോയൽ ഒമാൻ പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
പിതാവ് മുഹമ്മദ് റഫീഖ് ഇപ്പോൾ ഖസബിലാണ് ഉള്ളത്.
മാതാവ് തസ്ലീമ മുഹമ്മദ് റഫീഖ്.
3 സഹോദരിമാരും നാട്ടിലാണ്.
മൃതദേഹം കസബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കെഎംസിസി യുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഖസബിൽ തന്നെ കബറടക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി കസബ് കെഎംസിസി പ്രസിഡണ്ട് സിദ്ദിഖ് കണ്ണൂർ അറിയിച്ചു.

