സന്ദർശക വിസയിൽ സുവൈഖിൽ എത്തിയതിന് ശേഷം പത്തു ദിവസത്തിനുള്ളിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട തൃശൂർ തിരുവില്ലുവാമല, മലേശമംഗലം
പറമ്പത്ത് വീട്ടിൽ,
അനീഷ് കുമാർ പി എൻ (37 ) ന്റെ മൃദദേഹമാണ് മസ്കറ്റ് കെഎംസിസി യുടെ ശ്രമഫലമായി നാട്ടിലെത്തിച്ചത്.
പിതാവ് മരണപ്പെട്ട അനീഷ് കുമാറിന് പ്രായമായ അമ്മയും, ഭാര്യയും രണ്ട് പിഞ്ചു കുട്ടികളും മാത്രമാണ് ഉള്ളത്. കുടുംബത്തിന്റെ ഏക ആശ്രയമാണ് മരണപ്പെട്ട അനീഷ് കുമാർ. കഴിഞ്ഞ ഞായറാഴ്ച ജൂലൈ രണ്ടാം തീയതിയാണ് സുവൈഖിൽ ഒരു വ്യക്തി ഹാർട്ട് അറ്റാക്ക് മൂലം മരണപ്പെട്ടു എന്ന വിവരം മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മറ്റി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴക്ക് ലഭിക്കുന്നത്.
വിസിറ്റ് വിസയിൽ വന്ന വ്യക്തിയാണെന്നും വന്നിട്ട് പത്ത് ദിവസം മാത്രമേ ആയുള്ളൂ, അദ്ദേഹത്തിന് ഇവിടത്തെ കാര്യങ്ങൾ അന്വേഷിക്കാൻ ആരുമില്ല, വിസിറ്റ് വിസ നൽകിയിരിക്കുന്ന സ്പോൺസർ ആരാണെന്ന് പോലും അറിയില്ല എന്നുമാണ് ലഭിച്ച വിവരം. നാട്ടിലുള്ളവരുടെ ബുദ്ധിമുട്ടുകൾ എല്ലാം മനസ്സിലാക്കി കെഎംസിസി പൂർണ്ണമായും ഈ വിഷയം ഏറ്റെടുത്തു.
തുടർന്ന് അദ്ദേഹത്തിന്റെയും കെഎംസിസി കദറ ഏരിയ കമ്മിറ്റി യുടെയും നേതൃത്വത്തിൽ മസ്ക്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി നേതാക്കളായ അഷ്‌റഫ് നാദാപുരം, പി ടി കെ ഷമീർ, അഷ്‌റഫ് കിണവക്കൽ ഒപ്പം അൻസിൽ ആലുവ, നിസാർ ഫറോക്ക് , മുസ്തഫ നാദാപുരം, അഷ്‌റഫ് താജ്, സൽമാൻ മലപ്പുറം, ഫൈസൽ ഫൈസി, കാബൂറ ഏരിയ കമ്മിറ്റി ട്രഷറർ സാജിദ് വയനാട്, കൂടാതെ സാമ്പത്തികമായി സഹായിച്ച വേൾഡ് മലയാളി ഫെഡറേഷൻ ഷൻ ഭാരവാഹികളായ ഡോ. സിദ്ധിഖ് അഹമ്മദ് , ഉല്ലാസ്,
ഒപ്പം നാട്ടുകാരനായ കൃഷ്ണൻ കുട്ടി, മുൻ പ്രവാസിയായിരുന്ന ശശിന്ദ്രൻ എന്നിവരുടെ എല്ലാം ശ്രമഫലമായി നിരവധി പ്രതിസന്ധികളും മറികടന്ന് സാധാരണയിൽ നിന്നും വ്യത്യസ്തമായി ധാരാളം പേപ്പർ വർക്കുകളും ചെയ്തു കൊണ്ട് അഞ്ചാം ദിനം ജൂലൈ ആറ് വ്യാഴാഴ്ച ഉച്ചക്കുള്ള എയർ ഇന്ത്യയുടെ വിമാനത്തിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചു.
ഡ്യൂട്ടി സമയം പോലും നോക്കാതെ വൈകിട്ട് വരെ മസ്ക്കറ്റ് കെഎംസിസി കദറ ഏരിയ കമ്മിറ്റി യോടൊപ്പം കൂടെ നിന്ന് സഹകരിച്ച ഒമാനിലെ സുവൈഖ് എമിഗ്രേഷൻ അധികൃതർക്കും, പോലീസ് ഓഫീസർമാർക്കും കാബൂറ ഏരിയ മുൻസിപ്പാലിറ്റി അധികൃതർക്കും നന്ദി രേഖപ്പെടുത്തുന്നതായികെഎംസിസി സെക്രട്ടറി ഷാനവാസ് മൂവാറ്റുപുഴ ഇന്സൈഡ് ഒമാനോട് പറഞ്ഞു.
വെറും 20 റിയാലിന്റെ (₹4000) ടൂറിസ്റ്റ് വിസ അമ്പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെ വാങ്ങി നാട്ടിൽ നിന്നും വിവിധ തലത്തിലുള്ള ഏജന്റ് മാരുടെ ചതിയിൽപ്പെട്ട് കടന്നുവരുന്ന ഓരോരുത്തരും കരുതിയിരിക്ക ണമെന്നും ഇത്തരം ധാരാളം അനുഭവങ്ങൾ മസ്കറ്റ് കെഎംസിസിയുടെ മുന്നിൽ വരാറുണ്ടെന്നും ഇനിയും ആരും ഇതുപോലുള്ള ചതിക്കുഴികളിൽ പെടാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.