വിശുദ്ധ മുസ്ലീം മാസമായ റമദാൻ അവസാനം വരെ ജറുസലേമിലെ അൽ അഖ്സ മസ്ജിദ് കോമ്പൗണ്ടിൽ നിന്ന് ജൂത സന്ദർശകർക്കും വിനോദ സഞ്ചാരികൾക്കും വിലക്കേർപ്പെടുത്തുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് ചൊവ്വാഴ്ച പ്രസ്താവനയിൽ അറിയിച്ചു.

കഴിഞ്ഞയാഴ്ച ഈ സ്ഥലത്ത് ഇസ്രായേൽ പോലീസ് നടത്തിയ റെയ്ഡ് ഗാസ, ലെബനൻ, സിറിയ എന്നിവിടങ്ങളിൽ നിന്ന് ഇസ്രായേലിന് നേരെ റോക്കറ്റ് ആക്രമണങ്ങൾക്ക് കാരണമായി. മുൻ വർഷങ്ങളിൽ റമദാനിലെ അവസാന 10 ദിവസങ്ങളിൽ ജൂതർ ഈ കോമ്പൗണ്ടിലേക്കുള്ള സന്ദർശനം ഇസ്രായേൽ നിരോധിച്ചിരുന്നു.

കഴിഞ്ഞയാഴ്ച ഇസ്രായേൽ അധിനിവേശ സേന അൽ അഖ്‌സ മസ്ജിദിൽ അതിക്രമിച്ച് കയറി, വിശ്വാസികളെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതിനെ ഒമാൻ ശക്തമായ ഭാഷയില്‍ അപലപിച്ചു. ലോകമെമ്പാടുമുള്ള മുസ്‍ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനവുമാണ് ഇസ്രയേല്‍ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

അന്താരാഷ്ട്ര തത്വങ്ങൾക്കെതിരെ മതവിരുദ്ധവും ഇസ്രായേലിന്‍റെ സ്ഥിരം പ്രകോപനപരവുമായ നടപടികളെ തടയാൻ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് നില്‍ക്കണമെന്നും ഒമാന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. അധിനിവേശം അവസാനിപ്പിച്ച് ന്യായവും സമഗ്രവുമായ സമാധാനം സ്ഥാപിക്കുന്നതിലൂടെ ഫലസ്തീൻ ജനതയെ അവരുടെ നിയമാനുസൃതമായ അവകാശങ്ങൾ നേടാൻ പ്രാപ്തരാക്കണമെന്നും ഒമാൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *