ഒമാനിലെ പ്രവാസികൾക്ക് പിഴ കൂടാതെ വിസ പുതുക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ട പിഴകൾ സെപ്തംബർ ഒന്ന് വരെ ഒഴിവാക്കിയതായി തൊഴിൽ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഓഗസ്റ് 31 വരെ വിസ പുതുക്കുന്നവർക്കാണ് പിഴയിൽ ഇളവ് അനുവദിച്ചിരുന്നത്.

നിരവധി വിദേശ തൊഴിലാളികളാണ് ഈ അവസരം പ്രയോജനപ്പെടുത്തിയത്. വിസാ നിരക്ക് ഉയർത്തിയതിനെ തുടർന്ന് ഇവർക്ക് നേരത്തെ പുതുക്കാൻ സാധിച്ചിരുന്നില്ല. ജൂൺ ഒന്ന് മുതൽ പരിഷ്‌കരിച്ച വിസാ നിരക്ക് പ്രാബല്യത്തിൽ വന്നിരുന്നു. വിസ ഫീസ് കുറച്ചു കൊണ്ടുള്ള തീരുമാനം പ്രവാസി തൊഴിലാളികൾക്ക് വൻ ആശ്വാസം ആണ് നൽകിയത്. ഇതേ തുടർന്ന് പ്രവാസി തൊഴിലാളികളുടെ തൊഴിൽ പെർമിറ്റ് പിഴ കൂടാതെ പുതുക്കാൻ അവസരം നൽകുകയായിരുന്നു.

ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ പെർമിറ്റ് നിരക്ക് 2,000 റിയാൽ വരെ ആയിരുന്നു . ഉയർന്ന തുക മുടക്കി വിസ പുതുക്കാൻ കഴിയാത്ത സാഹചര്യത്തിൽ നിരവധി പ്രവാസികളാണ് കഴിഞ്ഞ മാസങ്ങൾ ജോലി നഷ്ടപ്പെട്ട് നാടണഞ്ഞത്. ചിലർ തൊഴിൽ പെർമിറ്റ് നിരക്ക് കുറഞ്ഞ തസ്തികകളിലേക്ക് മാറുകയും ചെയ്തു. വിസ പുതുക്കാതെ ഒമാനിൽ തന്നെ തുടർന്നവരാണ് കഴിഞ്ഞ മാസം 31 വരെയുള്ള പിഴ ഇളവ് ഉപയോഗപ്പെടുത്തി വിസ പുതുക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *