മനം കുളിർത്ത മെഹഫിൽ നൈറ്റ്‌

റുവി: കെ.എം.സി.സി മസ്കത്തിൽ സംഘടിപ്പിച്ച സംഗീതനിശ, മെഹഫിൽ നൈറ്റ്‌ സംഗീതാസ്വാദകരുടെ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായി മാറി.

കോവിഡ്‌കാലത്തെ നീണ്ട ഇടവേളക്ക്‌ ശേഷം സംഘടിപ്പിച്ച ആദ്യത്തെ സംഗീതപരിപാടിയാണ്‌ മെഹഫിൽ നൈറ്റ്‌ എന്ന് കെ.എം.സി.സി പ്രതിനിധികൾ പറഞ്ഞു.
മിഡിൽ ഈസ്റ്റ്‌ ബെസ്റ്റ്‌ സിങ്ങർ അവാർഡ്‌ ജേതാവും, ഏഷ്യാനെറ്റ്‌ മൈലാഞ്ചിയിലൂടെ ഏവർക്കും സുപരിചിതനുമായ റിയാസ്‌ കരിയാടാണ്‌ മെഹഫിൽ നൈറ്റിലെ പ്രമുഖ ഗായകനായി എത്തിയത്‌. കൈരളി ടി.വി ഗന്ധർവസംഗീതം, ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ തുടങ്ങിയ റിയാലിറ്റി ഷോകളിലൂടെ തിളങ്ങിയ അനുലക്ഷ്മി സ്ത്രീശബ്ദമായി തിളങ്ങി‌. കല്ലായിക്കടവത്തേ… കാറ്റൊന്നും മിണ്ടീല്ലേ.. എന്ന ഡ്യുയെറ്റ്‌ ഗാനം സദസ്സിനെ ഇളക്കി മറിച്ചു. ബാബു രാജ്‌, മുഹമ്മദ്‌ റഫി, ഉമ്പായി തുടങ്ങിയവരുടെ ഗാനങ്ങൾ മെഹഫിൽ നൈറ്റിൽ അരങ്ങേറി.

മസ്കത്തിലെ വേദികളിലെ നിറ സാന്നിദ്ധ്യങ്ങളായ സാബിർ ഉമ്മത്തൂർ, ഖാലിദ്‌ മുതുകുടി, റഹീം വടകര തുടങ്ങിയ ഗായകരും മെഹഫിൽ നൈറ്റിൽ അണിനിരന്നു. മസ്കത്തിലെ പ്രവാസികളായ കലാകാരന്മാർ ചേർന്നുള്ള പ്രശസ്തമായ ഓർക്കസ്ട്ര ഗ്രൂപ്പായ ഹംസധ്വനി ഓർക്കസ്ട്രയാണ്‌ പശ്ചാത്തല സംഗീതമൊരുക്കിയത്‌. റുവി ഗോൾഡൻ തുലിപ്‌ ഗ്രാന്റ്‌ ഹോട്ടൽ ഹാളിൽ നടന്ന പരിപാടിക്ക്‌ റുവി കെ.എം.സി.സി നേതാക്കൾ നേതൃത്വം നൽകി. മോഡേൺ എക്സ്ചേഞ്ചായിരുന്നു മുഖ്യ പ്രായോജകർ. ആങ്കർ സോമ സുന്ദരം പരിപാടി നിയന്ത്രിച്ചു.

Leave a Reply

Your email address will not be published. Required fields are marked *