വിനിമയ നിരക്ക് ഉയർന്നു. ഒരു റിയാലിന് 206.35 രൂപ.
ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതിനാൽ ഒമാനി റിയാലിന് ഇന്ത്യൻ രൂപയിലുള്ള വിനിമയ നിരക്ക് ഉയർന്നു. രണ്ട് ദിവസങ്ങളായി ഒരു റിയാലിന് 206 ഇന്ത്യന്‍ രൂപക്ക് മുകളിലാണ് ഒമാനിലെ ധനവിനിമയ സ്ഥാപനങ്ങള്‍ നല്‍കുന്നത്. ഇന്നലെ ഒരു റിയാലിന് 206.35 രൂപയാണ് എക്സ്ചേഞ്ചുകളില്‍ ലഭിച്ചത്. ഞായറാഴ്ചവരെ ഈ നിരക്ക് തുടരുമെന്നാണ് കരുതുന്നത്. വലിയ മൂല്യത്തകര്‍ച്ചയില്‍ നിന്നും തിരിച്ചുവരുന്നതിനിടെയാണ് രൂപ വീണ്ടും വീണത്.
രൂപയുടെ മൂല്യം 36 പൈസ കുറഞ്ഞ് 79.61 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ക്രൂഡ് ഓയില്‍ വില വര്‍ധനയാണ് രൂപയുടെ മൂല്യത്തിന് തിരിച്ചടിയായത്. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്സ്ചേഞ്ച് മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കറന്‍സി 79.22 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. 79.69 ആയി കുറഞ്ഞ ശേഷം സ്ഥിതി അല്‍പം മെച്ചപ്പെട്ടു. വരും ദിവസങ്ങളില്‍ രൂപയുടെ മൂല്യം സമ്മിശ്രമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തര വിപണിയുടെ തിരിച്ചുവരവും വിദേശ നിക്ഷേപകരുടെ പണമൊഴുക്കും ദിവസങ്ങളില്‍ രൂപയുടെ മൂല്യത്തെ ബാധിക്കും. മാസങ്ങളായി തുടരുന്ന രൂപയുടെ മൂല്യമിടിച്ചില്‍ കുറച്ചു നാളുകള്‍ കൂടി നീണ്ടുനില്‍ക്കുമെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
അതേസമയം, റിയാലുമായുള്ള വിനിമയ നിരക്ക് ഉയര്‍ന്നുവെങ്കിലും എക്സ്ചേഞ്ചുകളില്‍ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെടുന്നില്ല. മാസം പകുതി ആയതും ശമ്പള സമയം അല്ലാത്തതും ഇതിന് കാരണമാകുന്നു. മാസങ്ങളായി തുടരുന്നു മൂല്യമിടിച്ചില്‍ തുടരുമെന്ന് കൂടുതല്‍ ഉയര്‍ന്ന വിനിമയ നിരക്ക് ലഭിക്കുമെന്നും കണക്കുകൂട്ടുന്ന പ്രവാസികളും നിരവധിയാണ്. രണ്ടാഴ്ച മുമ്പ് 208 രൂപ വരെയാണ് ഒരു ഒമാനി റിയാലിന് ഒമാനിലെ ധനിവിനിമയ സ്ഥാപനങ്ങള്‍ നല്‍കിയിരുന്നത്.