സി ബി എസ് ഇ പത്ത്, പന്ത്രണ്ട് പരീക്ഷാ ഫലം പ്രഖ്യാപിച്ചു.
നൂറ് കണക്കിന് വിദ്യാർഥികൾ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി
സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ മിന്നും ജയം സ്വന്തമാക്കി ഒമാനിലെ ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾ. നൂറ് ശതമാനം വിജയമാണ് സ്‌കൂളുകൾ സ്വന്തമാക്കിയത്. നൂറ് കണക്കിന് വിദ്യാർഥികൾ 90 ശതമാനത്തിൽ മുകളിൽ മാർക്ക് നേടി സ്‌കൂളുകൾക്ക് അഭിമാനമായി. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായാണ് പത്ത്, പന്ത്രണ്ട് ഫലങ്ങൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടത്.
സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് റിസൾട്ടിന് പിന്നാലെ എത്തിയ പത്താം ക്ലാസ് ഫലത്തിലും ഒമാനിലെ സ്‌കൂളുകൾക്ക് മികച്ച വിജയം സ്വന്തമാക്കാൻ സാധിച്ചത് വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളിലും സ്‌കൂൾ അധികൃതരിലും മധുരം ഇരട്ടിയാക്കി.
പരീക്ഷയെഴുതിയ വിദ്യാർഥികളിൽ വലിയൊരു ശതമാനം കുട്ടികളും എ വൺ നേടിയാണ് വിജയിച്ചതെന്ന് സ്‌കൂൾ അധികൃതർ അവകാശപ്പെട്ടു. മികച്ച വിജയം നേടിയവരെ സ്‌കൂൾ മാനേജ്‌മെന്റുകളും, അധ്യാപകരും അനുമോദിച്ചു.
സി ബി എസ് ഇയുടെ വെബ് സൈറ്റിൽ നിന്നും വിദ്യാർഥികൾക്കും സ്‌കൂളുകൾക്കും ഫലം നേരിട്ട് അറിയാനാകും. ഈ വർഷം ഫലം വരാൻ വൈകിയത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക സൃഷ്ടിച്ചിരുന്നു. എങ്കിലും കേരളത്തിൽ പ്ലസ് വൺ അപേക്ഷ നൽകുന്നതിന് കൂടുതൽ സമയം അനുവദിച്ചത് ആശ്വസമായി.
ഫലങ്ങൾ പുറത്തുവന്നതോടെ തുടർന്നു പഠിക്കുന്നതിനും നാട്ടിലും ഗൾഫിലുമായി സീറ്റ് സംഘടിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ രക്ഷിതാക്കൾ ഇന്നലെ മുതൽ തന്നെ ആരംഭിച്ചു കഴിഞ്ഞു. ഹയർ സെക്കൻഡറി പഠനത്തോടൊപ്പം എൻട്രൻസ് പരിശീലനം കൂടി ലക്ഷ്യം വെച്ച് ചില രക്ഷിതാക്കൾ കുട്ടികളുടെ തുടർ പഠനം നാട്ടിലേക്കു മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്.