"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
ഇന്ത്യൻ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൽസ് ടെസ്റ്റ് (നീറ്റ്) പരീക്ഷക്ക് ഒമാനിലും ഒരുക്കങ്ങൾ പൂർത്തിയായി. ഈ മാസം 17 ഞായറാഴ്ചയാണ് പരീക്ഷ. മസ്‌കത്ത് ഇന്ത്യൻ സ്‌കൂളിലായിരിക്കും ഒമാനിലെ പരീക്ഷ കേന്ദ്രം. 214 വിദ്യാർഥികളാണ് ഇത്തവണ ഒമാനിൽ നീറ്റ് പരീക്ഷ എഴുതുന്നത്. ഒമാൻ സമയം ഉച്ചക്ക് 12.30ന് ആണ് പരീക്ഷ ആരംഭിക്കുന്നത്. മൂന്ന് മണിക്കൂർ 20 മിനുട്ടാണ് പരീക്ഷാ സമയം.
12 മണിക്ക് മുമ്പായി പരീക്ഷ കേന്ദ്രത്തില് വിദ്യാര്ഥികള് റിപ്പോര്ട്ട് ചെയ്യണം. രാവിലെ 9.30 മുതല് കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കും. 12 മണിക്ക് ശേഷം എത്തുന്നവരെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര് അറിയിച്ചു. സെന്റര് കോഡ്: NTA-EC-o-17749 (991101). പരീക്ഷ സെന്ററുമായി ബന്ധപ്പെട്ട കൂടുതല് വിവരങ്ങള്ക്ക് principal@ismoman.com എന്ന മെയില് ഐഡിയില് ബന്ധപ്പെടാവുന്നതാണെന്നും മസ്‌കത്ത് ഇന്ത്യന് എംബസി അറിയിച്ചു.
ആറ് ഗൾഫ് രാഷ്ട്രങ്ങളിലായി എട്ട് പരീക്ഷാ കേന്ദ്രങ്ങളാണ് ഇത്തവണ നാഷനൽ ടെസ്റ്റിംഗ് ഏജൻസി അനുവദിച്ചിരിക്കുന്നത്. ഒമാനിൽ ആദ്യമായാണ് നീറ്റ് പരീക്ഷ നടക്കുന്നത്. മസ്‌കത്തിൽ കേന്ദ്രം അനുവദിച്ചത് മലയാളികൾ അടക്കുമുള്ള വിദ്യാർഥികൾക്ക് ആശ്വസമായി. കൂടുതൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ അവസരമൊരുക്കി.
കഴിഞ്ഞ തവണയും ഒമാനിൽ കേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിരുന്നു. പക്ഷെ കേന്ദ്രം പരിഗണിച്ചിരുന്നില്ല. ഇന്ത്യയിൽ മാത്രം നടത്തിയിരുന്ന പരീക്ഷക്ക് കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം മുതലാണ് വിദേശത്ത് കേന്ദ്രം അനുവദിച്ചത്. കഴിഞ്ഞ വർഷം ഒമാനിൽ നിന്നുള്ള വിദ്യാർഥികൾ യു എ ഇയിലെയും ഇന്ത്യയിലെയും പരീക്ഷാ കേന്ദ്രങ്ങളിലെത്തിയാണ് നീറ്റ് എഴുതിയിരുന്നത്.
പന്ത്രണ്ടാം തരം ബോർഡ് പരീക്ഷ പൂർത്തിയായ ശേഷം വിദ്യാർഥികൾ നീറ്റിനുള്ള മുന്നൊരുക്കത്തിലായിരുന്നു. 13 ഭാഷകളിൽ വിദ്യാർഥികൾക്ക് പരീക്ഷ എഴുതാൻ സാധിക്കും. എന്നാൽ, പരീക്ഷ അഡ്മിറ്റ് കാർഡ് ലഭിക്കാൻ വൈകിയത് വിദ്യാർഥികളിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അഡ്മിറ്റ് കാർഡ് സൈറ്റിൽ ലഭ്യമായത്. തുടർന്നും ചില സാങ്കേതിക പ്രശ്‌നങ്ങൾ നേരിട്ടു. അതേസമയം, എൻജിനിയറിംഗ് പ്രവേശന പരീക്ഷക്ക് സമാനമായി നീറ്റ് പരീക്ഷകൾക്കും വർഷത്തിൽ രണ്ട് തവണ അവസരം ഒരുക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെടുന്നു. വിദ്യാർഥികൾക്ക് കൂടുതൽ പരിശീലനത്തിന് ഇതുവഴി അവസരം ലഭിക്കുമെന്നും രക്ഷിതാക്കൾ പറഞ്ഞു.