ദോഫാര്‍ മരുഭൂമിയിൽ കുടുങ്ങിയ തമിഴ്നാട് സ്വദേശികളാണ് മരണപ്പെട്ടത്.

ദോഫാർ ഗവർണറേറ്റിലെ തുംറൈത്തിലെ വിലായത്തിൽ നിന്ന് കാണാതായ രണ്ട് ഇന്ത്യൻ എഞ്ചിനീയർമാരുടെ മൃതദേഹങ്ങൾ  കണ്ടെടുത്തു.

ഇവർക്കായി തിരച്ചിൽ നടത്തിവരുന്നതിനിടെ നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തുന്നത്.

മൊബൈൽ നെറ്റ്‌വർക്ക് സർവ്വേയുമായി ബന്ധപ്പെട്ട ജോലികൾക്ക് പോയ തിരുനെൽ വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദർ (30), ട്രിച്ചി രാധനെല്ലൂർ സ്വദേശി ഗണേഷ് വർധാൻ (33) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

അതിർത്തി പ്രദേശമായ ഒബാറിന് സമീപമുള്ള ഫസദിൽ നിന്നാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.  മുരുഭൂമിയിൽ കുടുങ്ങിയ ഇവർ കനത്ത ചൂടിൽ വെള്ളവും മറ്റും കിട്ടാതെ മരിക്കുകയായിരുന്നുവെന്നാണ് നിഗമനം.

മസ്‌കത്തിൽ നിന്ന് തുംറൈത്തിന് പടിഞ്ഞാറ് ഒമാന്റെ ബോർഡർ ഭാഗമായ ഒബാറിലേക്ക് ജുൺ 28 ന് ആയിരുന്നു സർവ്വേ ജോലിക്കായി ഇവർ പോയത്. അതിന് ശേഷം ഇവരെ കുറിച്ച് വിവരമൊന്നും ഇല്ലായിരുന്നു. ഇരുവരും സഞ്ചരിച്ചിരുന്ന നിസാൻ പെട്രോൾ വാഹനത്തിന്റെ ടയർ മണലിൽ താഴുകയായിരുന്നു. പിന്നീട് വാഹനത്തിലുള്ള യാത്ര മുടങ്ങുകയും ചെയ്തു. മൃതദേഹങ്ങൾ വാഹനത്തിന് കുറച്ച് അകലെനിന്ന് കണ്ടെത്തുകയായിരുന്നു.

ഇൻ വെഹിക്കിൾ മോണീറ്ററിംഗ് സിസ്റ്റം ( ഐ വി എം എസ്) സിഗ്‌നൽ കാണിക്കാതിരുന്നതിനാല്‍ ലോക്കേഷൻ കണ്ടെത്താൻ കമ്പനി ക്ക് കഴിഞ്ഞിരുന്നില്ല. അധികൃതർക്ക് പരാതി നൽകി തിരച്ചിൽ നടത്തിവരികയായിരുന്നു. അതിനിടയിലാണ് മരുഭൂമിയിൽ ഇവർ മരിച്ച് കിടക്കുന്നത് സ്വദേശികൾ കണ്ടത്. മ്യതദേഹങ്ങൾ എയർ ലിഫ്റ്റ് ചെയ്ത് സൂൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. തുടർ നടപടികൾ ആരംഭിച്ചതായി ഇന്ത്യൻ എംബസി കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ അറിയിച്ചു.

പ്രാദേശിക മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *