പ്രവാചക നിന്ദ: ലോക മുസ്ലിംകൾക്കെതിരായ യുദ്ധ പ്രഖ്യാപനമെന്ന് ഒമാൻ ഗ്രാൻഡ് മുഫ്തി
ഇന്ത്യയിലെ ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയുടെ ഒരു ഉദ്യോഗസ്ഥൻ പുറപ്പെടുവിച്ച പ്രവാചകൻ മുഹമ്മദ്, ഇസ്‌ലാം, മുസ്‌ലിംകൾ എന്നിവരെ അപമാനിക്കുന്ന പ്രസ്താവനകളെ ഒമാൻ സുൽത്താനേറ്റ് തിങ്കളാഴ്ച അപലപിച്ചു.
റിപ്പബ്ലിക് ഓഫ് ഇന്ത്യയുടെ അംബാസഡർ അമിത് നാരംഗുമായി നയതന്ത്രകാര്യങ്ങൾക്കായുള്ള വിദേശകാര്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഷെയ്ഖ് ഖലീഫ ബിൻ അലി അൽ ഹാർത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രതിഷേധം അറിയിച്ചത്.
അതേസമയം തന്നെ ഇന്ത്യയിൽ നടന്ന പ്രവാചകനിന്ദക്കെതിരെ പ്രതികരണവുമായി ഒമാൻ ഗ്രാൻഡ് മുഫ്തി ശൈഖ് അഹമ്മദ് അൽ ഖലീലി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവ് പ്രവാചകനും പ്രിയ പത്നിക്കുമെതിരെ നടത്തിയ ധിക്കാരപരവും അശ്ലീലപരവുമായ പരാമർശം ലോകത്തുള്ള ഓരോ മുസ്ലിംകൾക്കെതിരെയുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. പ്രവാചകനെയും മതത്തിന്റെ വിശുദ്ധിയെയും സംരക്ഷിക്കാൻ ലോക മുസ്ലിംകൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി വക്താവ് നുപൂര്‍ ശര്‍മയും നവീൻ കുമാര്‍ ജിൻഡാലും പ്രവാകൻ മുഹമ്മദ് നബിയെ നിന്ദിച്ചു കൊണ്ട് നടത്തിയ പ്രസ്താവന രാജ്യത്തിന് പുറത്തും പ്രതിഷേധത്തിന് വഴി തുറക്കുന്നു.
ഖത്തർ ഉൾപ്പെടെ ലോക രാജ്യങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രസ്താവനയിൽ പങ്കില്ലെന്ന് കേന്ദ്രം വ്യക്തമാക്കി.
ഇന്ത്യൻ സ്ഥാനപതിയെ വിളിച്ചു വരുത്തിയ ഖത്തര്‍ സംഭവത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.പ്രവാചക നിന്ദയിൽ ഒമാനിലും വലിയ പ്രതിഷേധമുണ്ടായി. ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ വക്താവിൻ്റെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഒമാൻ ഗ്രാൻറ് മുഫ്തി ഷെയ്ക്ക് അഹമ്മദ് ബിൻ ഹമദ് അൽ ഖലിലി പ്രസ്താവനയിൽ പറഞ്ഞു.
ഖത്തർ വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സാദ് അൽ മുറൈഖിയാണ് രാജ്യത്തിന്‍റെ പ്രതിഷേധം അറിയിച്ചു കൊണ്ടുള്ള കത്ത് ഇന്ത്യൻ അംബാസഡർക്ക് കൈമാറിയത്. പരാമർശം നടത്തിയവർക്കെതിരായ നടപടിയെ ഖത്തർ സ്വാഗതം ചെയ്തു. എന്നാൽ, ലോക മുസ്ലിംകളെ വേദനിപ്പിച്ച പ്രസ്താവനയിൽ പരസ്യ ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രസ്താവനയിൽ ഖത്തർ വിശദീകരിച്ചു.
ബിജെപി നേതാവിൻ്റെ വിവാദ പരാമര്‍ശത്തെ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിൽ വലിയ സംഘര്‍ഷം അരങ്ങേറിയതിന് പിന്നാലെയാണ് ദോഹയിലെ ഇന്ത്യൻ പ്രതിനിധിയെ വിളിച്ചു വരുത്തി ഖത്തര്‍ സര്‍ക്കാര്‍ വിഷയത്തിൽ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഇതിനു പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിൻ്റെ പ്രസ്താവനയും പുറത്തിറങ്ങി.
“ചില വ്യക്തികൾ നടത്തിയ വിവാദ പ്രസ്താവനകളും ട്വീറ്റുകളും ഒരു തരത്തിലും ഇന്ത്യൻ സർക്കാരിന്റെ വീക്ഷണങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല. ഇത് വിവിധ വ്യക്തികളുടെ കാഴ്ചപ്പാടുകളാണ്” എന്ന് അംബാസഡർ ദീപക് മിത്തൽ അറിയിച്ചതായി ഖത്തറിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ പറഞ്ഞു.
“നാനാത്വത്തിൽ ഏകത്വം എന്ന മഹത്തായ പരാമ്പര്യം ഉയര്‍ത്തി പിടിച്ചാണ് ഇന്ത്യ മുന്നോട്ട് നീങ്ങുന്നത്. ഇന്ത്യൻ സർക്കാർ എല്ലാ മതങ്ങൾക്കും പരമോന്നത ബഹുമാനം നൽകുന്നു. അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവർക്കെതിരെ ബന്ധപ്പെട്ട സംഘടനകൾ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇത്തരം പ്രസ്താവനകൾ ഇന്ത്യയുടെ പൊതുനിലപാടായി കാണരുത്,” ഇന്ത്യൻ എംബസിയുടെ പ്രസ്താവനയിൽ പറയുന്നു.
ബിജെപി വക്താവ് നൂപുർ ശർമ, സഹപ്രവർത്തകൻ നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ പരാമർശങ്ങളാണ് ഖത്തറിൻ്റേയും കുവൈത്തിൻ്റെയും ഒമാൻ്റേയും ഉൾപ്പെടെ വിവിധ ഇസ്ലാമിക രാജ്യങ്ങളുടെ പ്രതിഷേധത്തിന് വകവച്ചത്. സംഭവത്തിൽ . ജിൻഡാലിനെ പാർട്ടി പുറത്താക്കുകയും നൂപൂർ ശർമ്മയെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
വിവിധ ഇസ്ലാമിക രാജ്യങ്ങളിൽ വൻ പ്രതിഷേധങ്ങളും അരങ്ങേറുന്നുണ്ട്. ഇന്ത്യൻ ഉൽപന്നങ്ങളുടെ ബഹിഷ്കരണ ക്യമ്പൈനുകളും നടക്കുന്നു. കുവൈത്തിലെ ഒരു സൂപ്പർ മാർക്കറ്റ് ഇന്ത്യൻ ഉൽപന്നങ്ങൾ വിൽക്കുന്നത് നിർത്തിവച്ചു.