ആദ്യ ഘട്ടത്തിൽ എട്ട് വാണിജ്യ ഇടപാടുകളിലാണ് ഇ-പെയ്മന്റ് നിര്‍ബന്ധമാക്കിയത്
വാണിജ്യ ഇടപാടുകൾക്ക് ഇ – പെയ്മെന്റ് സംവിധാനമൊരുക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഇന്നലെ മുതലാണ് മന്ത്രാലയം ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ആദ്യ ഘട്ടത്തിൽ എട്ട് വാണിജ്യ ഇടപാടുകളിലാണ് ഇ-പെയ്മന്റ് ഉറപ്പുവരുത്തേണ്ടത്.
ഇ-പെയ്മന്റ് സംവിധാനം ഒരുക്കിയില്ലെങ്കിൽ 100 റിയാൽ പിഴ ഈടാക്കും.
ആദ്യഘട്ടത്തിൽ ഇൻഡസ്ട്രിയൽ ഏരിയ, കോംപ്ലക്‌സുകൾ, വാണിജ്യ കേന്ദ്രങ്ങൾ, ഗിഫ്റ്റ് മാർക്കറ്റ് എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ, ഭക്ഷ്യപദാർഥ വിൽപ്പന, സ്വർണം – വെള്ളി വിൽപ്പന, റസ്റ്റോറന്റുകൾ കഫേകൾ, പഴം – പച്ചക്കറി വിൽപ്പന, ഇലക്ട്രോണിക്‌സ്, കെട്ടിട നിർമാണ സാമഗ്രികളുടെ വിൽപ്പന, പുകയിലയുത്പന്നങ്ങൾ വിൽപ്പന എന്നിവ നടത്തുന്ന സ്ഥാപനങ്ങളാണ് ഡിജിറ്റൽ പെയ്‌മെന്റ് നിർബന്ധമാകുന്നത്.
ഇലക്ട്രോണിക് രൂപത്തിൽ പെയ്മന്റ് അടക്കാനുള്ള സൗകര്യം ഏർപ്പെടുത്തണമെന്ന് എല്ലാ വാണിജ്യ സ്ഥാപനങ്ങൾക്കും മന്ത്രാലയം നിർദേശം നൽകിയിരുന്നു. ഒമാൻ വിഷൻ 2040ന്റെ കീഴിലുള്ള ഡിജിറ്റൽ മാറ്റം സാക്ഷാത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്.
ഇലക്ട്രോണിക് പെയമെന്റ് സേവനത്തെ സംബന്ധിച്ച് വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേകം പോസ്റ്ററോ ബാനറോ വെക്കണം. ഇ- പെയ്‌മെന്റ് സംബന്ധിച്ച പരാതികൾ ഉപഭോക്തൃ സംരക്ഷണ വിഭാഗമാണ് സ്വീകരിക്കുക. ബേങ്കുകളും പെയ്‌മെന്റ് സേവന ദാതാക്കളുമായി സഹകരിച്ച് അതോറിറ്റിയുടെ വിവിധ മാർഗങ്ങളിലൂടെ പരാതികൾ നൽകുന്നതിന് സംവിധാനമുണ്ടാകും.