‘അൺ നോൺ’ മൂസാക്കാക്ക് സഹം ശ്‌മശാനത്തിൽ അന്ത്യനിദ്ര.

ഒമാനിലെ അറിയപ്പെടുന്ന പൊതു പ്രവർത്തകനും KMCC നേതാവും ആയ സമീർ PTK യുടെ അനുഭവക്കുറിപ്പ് ശ്രദ്ധേയമാകുന്നു.

സമീർ PTK ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിൻ്റെ പൂർണരൂപം.

Hospital No. 692756
Unknown

Date of admission: 09/02/2022
Date of death: 30/03/2022

45+ വർഷമായി നാട് കാണാത്ത പ്രവാസി
49 ദിവസം ആശുപത്രി ഐ സി യു വിൽ
49 ദിവസം മോർച്ചറിയിൽ
49 ആം ദിവസം മുതൽ ഒമാനിലെ സഹം ശ്‌മശാനത്തിൽ അന്ത്യനിദ്ര

ജനിച്ചു വീണ നാടിന്റെ ചാരത്തേക്കലിയണമെന്ന ആഗ്രഹം ബാക്കിയാക്കി, ജീവിച്ച്‌ തീർത്ത നാടിന്റെ ആറടി മണ്ണിലേക്കലിഞ്ഞ ഒരു ജീവിത യാത്രയുടെ പരിസമാപ്തി

പേര്: മൂസ
വയസ്സ്: 60
പിതാവ്: ഹൈദ്രോസ്
സ്വദേശം: പാലക്കാട്

മൂസാക്കയെ എല്ലാവര്ക്കും അറിയാം. ബർക്കയിലൂടെ, മുസന്നയുടെ, ഖദറ യിലൂടെ, സഹം, സൊഹാർ എന്നിവിടങ്ങളിലൂടെ ചിരിച്ചും, കുശലം പറഞ്ഞും, അഭിവാദ്യം ചെയ്തും നാലരപതിറ്റാണ്ട് ജീവിച്ചു ചേർത്ത ഒരു സാധു. പിറന്ന നാടിന്റെ പച്ചപ്പുള്ള നാട്ടുവഴികളിലൂടെ ഒരിക്കൽ കൂടി നടക്കുവാൻ ജീവിതയാത്രയിൽ പലതവണയെങ്കിലും അദ്ദേഹം ആഗ്രഹിച്ചു കാണും.

എല്ലാവർക്കും അറിഞ്ഞിട്ടും ഔദ്യോഗിക രേഖകളിൽ അറിയാത്ത ആൾ (unknown) ആയി മാറിപ്പോകുന്ന അവസ്ഥയുണ്ട്. അങ്ങിനെ ഒരാളാണ് മൂസാക്ക. ഇന്ത്യൻ പാസ്‌പോർട്ടുമായി കടൽ കടന്നെത്തി താമസ കുടിയേറ്റ രേഖകളില്ലാതെ ഒരായുസ്സ് മുഴുവൻ അറിയുന്നതും അറിയാത്തതുമായ ജോലികൾ ചെയ്ത്‌ അവസാനം രോഗിയായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതും unknown ആയി. മുസന്നയിലെയും ഖദ്രയിലെയും സാമൂഹ്യ പ്രവർത്തകർ പ്രിയ സുഹൃത്ത് ലുക്മാന്റെ Luckman Ak നേതൃത്വത്തിലാണ് മൂസാക്കാനെ നാട്ടിലേക്ക് അയക്കുവാനുള്ള ശ്രമങ്ങൾ തുടങ്ങിയത്. തീർത്തും അവശ നിലയിലായ അദ്ദേഹത്തെ പോലീസ് സഹായത്തോടെ സൊഹാർ ആശുപത്രിയിലെ വെന്റിലേറ്ററിലേക്ക് മാറ്റി. രേഖകൾ ശരിയാക്കി നാട്ടിലേക്ക് അയക്കുവാനുള്ള ശ്രമങ്ങൾക്കിടയിൽ രേഖകളൊന്നും ആവശ്യമില്ലാത്ത ലോകത്തേക്ക് യാത്രയായി

രേഖകളില്ലാതെ ജീവിക്കാനും മരിക്കാനും സാധിക്കുമെങ്കിലും മരണാനന്തര ജീവിതത്തിലേക്ക് പോകുവാൻ രേഖകൾ അനിവാര്യമാണ് പ്രവാസിക്ക്. നാട്ടിലെ ഉറ്റവർക്ക് അവരുടെ സഹോദരനെ, എളാപ്പയെ, അമ്മാവനെ, അവസാനമായെങ്കിലും ഒന്ന് കാണാൻ സാധിക്കണമെന്ന ആഗ്രഹം സാധിച്ചുകൊടുക്കാൻ ശ്രമിച്ചു. പോലീസ് വെരിഫിക്കേഷനും, നേറ്റിവിറ്റിയും തെളിയിച്ചതിന്റെ അടിസ്ഥാനത്തിൽ യാത്രാരേഖയും മറ്റും ശരിയാക്കി, എംബസിയിൽ നിന്നും നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള എൻ ഓ സി യും റെഡിയാക്കി. പക്ഷെ ഒമാൻ രേഖകളിൽ unknown ആയ മൂസാക്കയെ known മൂസാക്ക യാക്കി മാറ്റുവാനുള്ള ഒരു തെളിവോ രേഖയോ സമർപ്പിക്കുവാൻ സാധിക്കാത്തതിനാൽ ആ ശ്രമം കുടുംബത്തിന്റെ സമ്മതത്തോടെ ഉപേക്ഷിച്ചു.

പിന്നീടങ്ങോട്ട് മൃതദേഹം ഒമാനിൽ മറവ് ചെയ്യാനുള്ള ശ്രമമായി. ഷുക്കൂർ Ptabdulshukoor Shukoor ആഴ്ചകളോളം ആശുപത്രിയും, പോലീസ് സ്റ്റേഷനും മാറിമാറി കയറിയിറങ്ങിയിട്ടും unknown ആയ മൂസാക്കയെ known മൂസാക്ക യാക്കി നടപടിക്രമങ്ങൾ നീണ്ടുപോയി. അവസാനം ഇന്ന് മൂസാക്ക യെ ഔദ്യോഗികമായി തിരിച്ചറിഞ്ഞു. ഒരു പക്ഷെ മൂസാക്ക ഏറ്റവും സ്നേഹിച്ച മണ്ണിലേക്ക് ചേർന്നു

“From the earth we created you, and into it we will return you, and from it we will extract you another time”

“ഭൂമിയിൽ നിന്ന് ഞാൻ നിങ്ങളെ സൃഷ്ടിച്ചു, അതിലേക്ക് ഞാൻ നിങ്ങളെ തിരികെ കൊണ്ടുവന്നു , അതിൽ നിന്ന് ഞാൻ നിങ്ങളെ മറ്റൊരിക്കൽ പുറത്തെടുക്കും”

പ്രാർത്ഥിച്ചവരെയും പ്രവർത്തിച്ചവരെയും നെഞ്ചോട് ചേർത്ത് പിടിക്കുന്നു.

ഷമീർ പി ടി കെ
മസ്കത്ത്

https://www.facebook.com/1259210923/posts/10229049500763063/

Leave a Reply

Your email address will not be published. Required fields are marked *