നിശ്ചിത സമയത്ത് ഗോൾ രഹിതം; എക്‌സ്‌ട്രൈ ടൈമിൽ ബംഗാളിനെ മുന്നിലെത്തിച്ച് ദിലീപ് ഒറാവാൻ; അവസാന നിമിഷം ഒപ്പമെത്തിച്ച ബിബിൻ അജയന്റെ ഡൈവിങ് ഹെഡർ; ഒടുവിൽ കേരളത്തെ എഴാം കിരീട നേട്ടത്തിലെത്തിച്ച പെനൽറ്റി ഷൂട്ടൗട്ട്; 5-4ന് മിന്നും ജയം; കേരളത്തിന് സന്തോഷപ്പെരുന്നാൾ
സന്തോഷ് ട്രോഫി ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ഏഴാം കിരീടം. ഫൈനലിൽ പശ്ചിമ ബംഗാളിനെ പെനൽറ്റി ഷൂട്ടൗട്ടിൽ 5-4ന് തോൽപ്പിച്ചാണ് കേരളത്തിന്റെ കിരീടനേട്ടം. നിശ്ചിത സമയത്ത് ഗോൾരഹിതമായ മത്സരത്തിൽ എക്‌സ്ട്രാ ടൈമിന്റെ ഏഴാം മിനിറ്റിൽ ദിലീപ് ഓർവനിലൂടെ ബംഗാൾ ലീഡെടുത്തു. എക്‌സ്ട്രാ ടൈം തീരാൻ നാലു മിനിറ്റ് ബാക്കിയിരിക്കെ വലതു വിങ്ങിൽ നിന്ന് നൗഫൽ നൽകിയ ക്രോസിൽ പകരക്കാരനായി എത്തിയ സഫ്നാദ് ഉഗ്രൻ ഹെഡറിലൂടെ കേരളത്തെ ഒപ്പമെത്തിച്ചു.
നിശ്ചിത സമയത്ത് ഗോൾ രഹിത സമനിലയിൽ അവസാനിച്ച മത്സരം എക്‌സ്ട്രാ ടൈം പൂർത്തിയായപ്പോൾ 1- 1 സമനിലയിലായിരുന്നു. ഷൂട്ടൗട്ടിൽ ബംഗാളിന്റെ ഒരു കിക്ക് പുറത്തേക്കു പോയി. പെനൽറ്റി ഷൂട്ടൗട്ടിൽ രണ്ടാം കിക്കെടുത്ത ബംഗാളിന്റെ സജലിന് പിഴച്ചു. സജലിന്റെ കിക്ക് പുറത്തേക്ക് പോയപ്പോൾ കേരളത്തിന്റെ കിക്കുകൾ എല്ലാം ഗോളായി. ആതിഥേയരെന്ന നിലയിൽ കേരളത്തിന്റെ മൂന്നാം കിരീടവും 2018നുശേഷം ആദ്യ കിരീടനേട്ടമാണിത്.