മടങ്ങി വരാത്ത ഇന്ത്യന്‍ തൊഴിലാളിക്ക് ( Indian worker) ശമ്പള കുടിശ്ശിക (Salary arrears) നല്‍കാനായി സൗദി പൗരനായ സ്പോണ്‍സര്‍ (sponser)ഇന്ത്യന്‍ എംബസിയെ(indian embassy) സമീപിച്ചു. സൗദിയിലെ ബിശയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് യൂനുസ് എന്ന കാശ്മീരി യുവാവിനെ തേടിയാണ് സ്പോണ്‍സര്‍ എംബസിയിലെത്തിയത്. റീ എന്‍ട്രിയില്‍ പോയി മൂന്ന് വര്‍ഷമായിട്ടും മടങ്ങിയെത്താത്ത മുഹമ്മദ് യൂനുസിന് 35000 റിയാല്‍ (ഏഴു ലക്ഷത്തോളം രൂപ)ശമ്പള കുടിശിക നല്‍കാന്‍ ഉണ്ടായിരുന്നു.
2019ലാണ് മുഹമ്മദ് യൂനുസ് റീ എന്‍ട്രിയില്‍ നാട്ടില്‍ പോയത്. പിന്നീട് അസുഖം കാരണം തിരികെ വരാന്‍ സാധിച്ചില്ല. 

കൊവിഡ് വ്യാപനവും വിമാന സര്‍വീസുകള്‍ (flight service) നിര്‍ത്തലാക്കിയതും മൂലം സൗദിയിലേക്ക് മടങ്ങി വരാനായില്ല. ശമ്പള കുടിശ്ശികയും ആനുകൂല്യവും അടക്കം യൂനുസിന് നല്‍കാനുള്ള 35000 റിയാല്‍ കൊടുക്കുന്നതിനായി ഇയാളെ അന്വേഷിച്ച് നടക്കുകയായിരുന്നു സ്പോണ്‍സറായ ബിശ സ്വദേശി. സഹപ്രവര്‍ത്തകര്‍ വഴി അന്വേഷിച്ചിട്ടും ആളുമായി ബന്ധപ്പെടാന്‍ സാധിക്കാതെ വന്നതോടെയാണ് എംബസിയെ സമീപിച്ചത്.
എംബസി ഗേറ്റിന് അടുത്ത് യാദൃശ്ചികമായി അദ്ദേഹം എംബസി ഉദ്യോഗസ്ഥനായ യൂസുഫ് കാക്കഞ്ചേരിയെ കണ്ടുമുട്ടി. തൊഴിലാളിയുടെ ഇഖാമയോ പാസ്പോര്‍ട്ട് നമ്പറോ(passport number) സ്പോണ്‍സറുടെ കൈവശം ഇല്ലായിരുന്നു. 2010ല്‍ ഇന്‍ജാസ് വഴി യൂനുസിന്റെ ഭാര്യയ്ക്ക് പണമയച്ചതിന്റെ സ്ലിപ് മാത്രമാണ് കയ്യിലുണ്ടായിരുന്നത്. തുടര്‍ന്ന് മറ്റൊരു എംബസി ഉദ്യോഗസ്ഥനായ നസീം ഖാന്‍ ജവാസത്തില്‍ പോയി ഇദ്ദേഹത്തിന്റെ ഇഖാമ നമ്പര്‍ കണ്ടെത്തി. പ്രിന്റ് എടുത്തപ്പോള്‍ ഇന്‍ജാസ് സ്ലിപിലെ ഫോട്ടോയും ജവാസത്ത് പ്രിന്റിലെ ഫോട്ടോയും ഒന്നാണെന്ന് വ്യക്തമായി.

ഈ വിവരം സാമൂഹിക പ്രവര്‍ത്തകര്‍ക്ക് യൂസുഫ് കൈമാറി, ജുബൈലിലെ സാമൂഹിക പ്രവര്‍ത്തകന്‍ സൈഫുദ്ദീന്‍ യൂനുസിന്റെ പാസ്പോര്‍ട്ട് കോപ്പിയും(passport copy) ഇഖാമ കോപ്പിയും ഫോണ്‍ നമ്പറും സംഘടിപ്പിക്കുകയായിരുന്നു. ഇതോടെ സ്പോണ്‍സര്‍ യൂനുസുമായി വീഡിയോ കോളില്‍ സംസാരിച്ചു.

യൂനുസ് രോഗബാധിതനാണെന്നും സംസാരം വ്യക്തമാവുന്നില്ലെന്നും ബാങ്ക് അക്കൗണ്ട് (bank account) ഇതുവരെയില്ല അത് എടുത്ത ശേഷം വിവരം കൈമാറാമെന്നും സ്പോണ്‍സര്‍ അറിയിച്ചതായി യൂസുഫ് കാക്കഞ്ചേരി പറഞ്ഞു. ബാങ്ക് അക്കൗണ്ട് ശരിയായാല്‍ പണം നേരിട്ട് അയച്ചു കൊടുക്കാനാണ് തൊഴിലുടമയുടെ ആഗ്രഹം. മുഹമ്മദ് യൂനുസിന് ലഭിച്ചതു പോലൊരു സ്‌പോണ്‍സറെ എല്ലാ തൊഴിലാളികളും കൊതിക്കുമെന്നത് തീര്‍ച്ചയാണ്

Leave a Reply

Your email address will not be published. Required fields are marked *