സലാം എയർ സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് സർവിസ് ആരംഭിക്കുന്നു
ഒമാന്‍റെ ബജറ്റ് വിമാന കമ്പനിയായ സലാം എയർ സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവിസ് ആരംഭിക്കുന്നു. ഏപ്രിൽ മൂന്ന് മുതൽ ഒക്ടോബർ വരെയാണ് ആഴ്ചയിൽ രണ്ട് സർവിസുകൾ പ്രഖ്യാപിച്ചിട്ടുള്ളത്.
വെള്ളിയാഴ്ചകളിൽ രാവിലെ 10.25ന് സലാലയിൽനിന്ന് പുറപ്പെടുന്ന വിമാനം വൈകീട്ട് 4.10ഓടെ കോഴിക്കോട് എത്തും. 4.55ന് കോഴിക്കോട്ടുനിന്ന് തിരിക്കുന്ന വിമാനം ഒമാൻ സമയം 8.05നാണ് സലാലയിൽ എത്തിച്ചേരുക. ഞായറാഴ്ചകളിൽ ഉച്ച കഴിഞ്ഞ് 3.20ന് സലാലയിൽനിന്ന് പുറപ്പെടുന്ന വിമാനം രാത്രി 9.05നാണ് കോഴിക്കോട് എത്തുക.
രാത്രി 9.50ന് കോഴിക്കോട്ടുനിന്ന് തിരിക്കുന്ന വിമാനം രാത്രി ഒന്നിന് സലാലയിൽ എത്തും. സലാല-കോഴിക്കോട് സെക്ടറിൽ 65 റിയാലാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോട്-സലാല 122 റിയാലാണ് നിരക്ക്. നാട്ടിൽനിന്ന് സലാലയിലേക്ക് വരാൻ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക് വലിയ ആശ്വാസം നൽകുന്നതല്ല ഈ നിരക്ക്.
നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവിസ് നടത്തുന്നത്.
നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സലാലയിൽനിന്ന് കോഴിക്കോട്ടേക്ക് നേരിട്ട് സർവിസ് നടത്തുന്നത്. സലാം എയർ സർവിസ് പ്രഖ്യാപിച്ചതിനാൽ എയർ ഇന്ത്യ എക്സ് പ്രസ് നിരക്ക് കുറക്കാൻ നിർബന്ധിതരായേക്കുമെന്ന് ട്രാവൽ ആൻഡ് ടൂറിസം വിദഗ്ധനും അൽ ഫവാസ് ട്രാവൽസ് എം.ഡിയുമായ കെ. സൈനുദ്ദീൻ പറഞ്ഞു.
റമദാനും സ്കൂൾ സീസണും വരുന്ന കാലയളിൽ ആരംഭിച്ച ഈ സർവിസ് പ്രവാസികൾക്ക് ഏറെ ഗുണകരമാവും. സലാം എയർ ഇതോടൊപ്പം മസ്കത്ത് വഴി തിരുവനന്തപുരത്തേക്കും സർവിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഏതാണ്ട് കോഴിക്കോടിന് സമാനമായ നിരക്കാണ് തിരുവനന്തപുരത്തേക്കുമുള്ളത്. ഇതാദ്യമായാണ് സലാം എയർ സലാലയിൽനിന്ന്
കോഴിക്കോട്ടേക്ക് നേരിട്ട് വിമാന സർവിസ് നടത്തുന്നത്. നേരത്തെ ഒമാൻ എയർ ആരംഭിച്ചിരുന്നെങ്കിലും ഇടക്ക് വെച്ച് നിർത്തി.