ഒമാനിൽ ഏഴുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. മസ്‌കത്ത് ഗവർണറേറ്റിലെ ബോഷർ വിലായത്തിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തതെന്നും ഒമാൻ ടി വിക്ക് നൽകിയ അഭിമുഖത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സെയ്ഫ് അൽ ഹുസ്‌നി പറഞ്ഞു.

ഈഡിസ് ഈജിപ്തി എന്ന കൊതുകിലൂടെയാണ് ഡെങ്കിപ്പനി പകരുന്നതെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പകൽ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവം ഉള്ള ഈഡിസ് ഈജിപ്തിയുടെ നിറം കറുപ്പും, മുതുകിലും മൂന്നു ജോഡി കാലുകളിലും വെളുത്ത വരകളും ഉണ്ടാകും. പെട്ടെന്നുള്ള കഠിനമായ പനി, അസഹ്യമായ തലവേദന, നേത്രഗോളങ്ങളുടെ പിന്നിലെ വേദന, സന്ധികളിലും മാംസപേശികളിലും വേദന, വിശപ്പില്ലായ്മ, രുചിയില്ലായ്മ, മനംപുരട്ടലും ഛർദിയും എന്നിവയാണ് സാധാരണ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. മൂന്നുനാല് ദിവസത്തെ ശക്തമായ പനിക്കുശേഷം ഏതാനും നാൾ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലാതിരിക്കുകയും വീണ്ടും പനി പ്രത്യക്ഷപ്പെടുകയും ചെയ്യുക ഈ രോഗത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.


രാജ്യത്ത് നേരത്തെയും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു. 2019, 2020 വർഷങ്ങളിലാണ് മസ്‌കത്ത്, ദോഫാർ ഗവർണറേറ്റുകളിൽ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നത്. ലോകത്ത് വർഷത്തിൽ ഏകദേശം 39 കോടി മനുഷ്യർക്ക് ഡെങ്കി അണു ബാധയുണ്ടാകുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്
ഇതിനിടെ, മസ്‌കത്ത് നഗരസഭയുടെ നേതൃത്വത്തിൽ കൊതുകിനെയും അവയുടെ പ്രജനന കേന്ദ്രങ്ങളെയും പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. പരിസരങ്ങളിൽ മാലിന്യങ്ങളും ഒഴിഞ്ഞ പാത്രങ്ങളും വലിച്ചെറിയരുതെന്നും കൊതുകുകളുടെ വ്യാപനത്തെ ചെറുക്കുന്നതിന് വാട്ടർ ടാങ്കുകൾ മൂടണമെന്നും മസ്‌കത്ത് നഗരസഭ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *